മറ്റു പാർട്ടികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതായി പരാതി; കെജ്‌രിവാളിനെതിരെ കേസ്

അകാലിദൾ വൈസ് പ്രസിഡന്റ് അർഷ്ദീപ് സിങ് ആണ് കെജ്‌രിവാളിനെതിരെ പരാതി നൽകിയത്.

Update: 2022-02-19 13:16 GMT
Advertising

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റു പാർട്ടികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്.

''മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു പാർട്ടിക്കും ഇന്റർനെറ്റിലൂടെ ഒരു പ്രത്യേക നേതാവിനെതിരെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിപ്പിക്കാൻ കഴിയില്ല''- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

അകാലിദൾ വൈസ് പ്രസിഡന്റ് അർഷ്ദീപ് സിങ് ആണ് കെജ്‌രിവാളിനെതിരെ പരാതി നൽകിയത്. ശിരോമണി അകാലിദളിനെയും മറ്റു പാർട്ടികളെയും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് എ.എ.പി പ്രചാരണ വീഡിയോ തയ്യാറാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

നാളെയാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും ശക്തമായ വെല്ലുവിളി ഉയർത്തിയാണ് ആം ആദ്മി പാർട്ടി ഇത്തവണ പഞ്ചാബിൽ അങ്കത്തിനിറങ്ങുന്നത്. ഡൽഹി മാതൃകയിൽ പഞ്ചാബിനെയും മാറ്റിയെടുക്കുമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News