എ.സി കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര; ചോദ്യംചെയ്ത ടി.ടി.ഇമാരെ വളഞ്ഞിട്ട് മർദിച്ച് പൊലീസുകാർ

ഇന്ന് ബികാനീർ-പ്രയാഗ്‌രാജ് എക്‌സ്പ്രസിലാണു സംഭവം

Update: 2023-08-20 13:10 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ട്രെയിനിൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് ടി.ടി.ഇമാരെ വളഞ്ഞിട്ട് ആക്രമിച്ച് പൊലീസുകാർ. ഇന്ന് ബികാനീർ-പ്രയാഗ്‌രാജ് എക്‌സ്പ്രസിലാണു സംഭവം. ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഗവൺമെന്റ് റെയിൽവേ പൊലീസിലെ(ജി.ആർ.പി) ജീവനക്കാരാണ് ഉദ്യോഗസ്ഥരെ മർദിച്ചത്.

ഫതഹ്പൂർ ജി.ആർ.പിയിലെ സ്റ്റേഷൻ ഓഫിസർ സാഹെബ് സിങ് ഉൾപ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്. ബികാനീർ-പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ എ.സി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഇവർ. കാൺപൂർ സെൻട്രൽ സ്റ്റേഷനിൽനിന്നാണ് ഇവർ കയറിയത്. ടി.ടി.ഇ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്.

ടിക്കറ്റ് കാണിക്കണമെന്നും ഇല്ലെങ്കിൽ ട്രെയിനിൽനിന്ന് ഇറങ്ങണമെന്നും ടി.ടി.ഇ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ വാക്കുതർക്കമായി. ഇതിനു പിന്നാലെ മറ്റ് ടി.ടി.ഇമാർ കൂടി കോച്ചിലെത്തിയതോടെ പൊലീസുകാർ ഇവരെ കൈയേറ്റം ചെയ്യുകയും വളഞ്ഞിട്ടുമർദിക്കുകയുമായിരുന്നു. ബാത്‌റൂമിന്റെ ഭാഗത്തേക്കു കൊണ്ടുപോയി ആക്രമിച്ചു. അടുത്ത സ്‌റ്റേഷനിലെത്തിൽ ഇറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമിൽ വച്ചും ഇവർ ആക്രമണം തുടർന്നു. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായും പരാതിയുണ്ട്.

എസ്.ഒ സാഹെബ് സിങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ പ്രയാഗ്‌രാജ് ജി.ആർ.പി എസ്.പി അഷ്ടഭുജ സിങ് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യംചെയ്യലിനായി ഇവരെ കാൺപൂർ സെൻട്രൽ സ്റ്റേഷനിലെത്തിച്ചു.

Summary: 4 UP GRP policemen assault TTEs on Bikaner-Prayagraj Express after they ask them to show ticket

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News