സ്വന്തം പാർട്ടിക്കൊരുങ്ങി പ്രശാന്ത് കിഷോർ: ലക്ഷ്യം ബിഹാർ തെരഞ്ഞെടുപ്പ്
കോൺഗ്രസ് പ്രവേശനം മുടങ്ങിയതോടെയാണ് പാർട്ടി രൂപീകരിക്കുന്നത്. 2025 ലെ ബീഹാർ തെരഞ്ഞെടുപ്പാണ് പ്രശാന്ത് കിഷോർ ലക്ഷ്യമിടുന്നത്.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇന്ന് സ്വന്തം പാർട്ടി പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് പ്രവേശനം മുടങ്ങിയതോടെയാണ് പാർട്ടി രൂപീകരിക്കുന്നത്. 2025 ലെ ബീഹാർ തെരഞ്ഞെടുപ്പാണ് പ്രശാന്ത് കിഷോർ ലക്ഷ്യമിടുന്നത്.
കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗമായ ശേഷം ബീഹാർ പി.സി.സി അധ്യക്ഷനാവുകയും അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം. ബംഗാൾ തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ഏറ്റെടുക്കില്ലെന്നും രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നും പ്രഖ്യാപിച്ചെങ്കിലും തൃണമൂൽ കോൺഗ്രസിന് വേണ്ടി ഗോവയിൽ പ്രശാന്ത് കളത്തിലിറങ്ങിയിരുന്നു.
പ്രശാന്തിനെ കോൺഗ്രസ് നേതൃത്വത്തിലെത്തിക്കാൻ പ്രിയങ്ക ഗാന്ധിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും പാർട്ടി നേതാക്കൾക്ക് പ്രിയങ്കരമായിരുന്നില്ല. നേതൃത്വത്തിന്റെ ഭാഗമാക്കാതെ കൂടെ നിർത്തി പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് വൈഭവം ഉപയോഗപ്പെടുത്താനായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് താല്പര്യം. കോൺഗ്രസ് നേതാവാകുക എന്ന ലക്ഷ്യം മുടങ്ങിയതോടെയാണ് ബീഹാർ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.
മൂന്നു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ആദ്യ ചുവട് വയ്ക്കാനൊരുങ്ങുകയാണ് പി.കെ എന്ന പ്രശാന്ത് കിഷോർ. നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കളോടൊപ്പം ഒട്ടനവധി പാർട്ടികളിൽ പ്രവർത്തിച്ചതാണ് ഒരേസമയം പ്രശാന്ത് കിഷോറിന്റെ ശക്തിയും ദൗർബല്യവും.
Summary-Prashant Kishor hints at political plunge, to begin from Bihar