പ്രിയങ്കയുടെ വരവോടെ പാർലമെന്റിൽ 'ഗാന്ധി'മാർ മൂന്ന്; വേറെയുമുണ്ട് കുടുംബക്കാർ...

അഖിലേഷ് യാദവിന്റേതാണ് പാർലമെന്റിലെ മറ്റൊരു 'രാഷ്ട്രീയകുടുംബം'

Update: 2024-11-28 09:45 GMT
Advertising

ന്യൂഡൽഹി: വയനാട് എംപിയായി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ പ്രതി ഉയർത്തിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ.

പ്രിയങ്ക എംപിയായതോടെ പാർലമെന്റിലിപ്പോൾ ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്ന് പേരുണ്ട് എന്നതാണ് കൗതുകകരമായ കാര്യം. രാഹുലും സോണിയയും നേരത്തേ തന്നെ പാർലമെന്റിലുണ്ട്. ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് രാഹുൽ ഗാന്ധി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും വിജയിച്ച രാഹുൽ, റായ് ബറേലി തെരഞ്ഞെടുത്തതോടെയാണ് പ്രിയങ്ക ഇവിടെ മത്സരിക്കുന്നതും വിജയിക്കുന്നതും. ഇതോടെ പ്രിയങ്കയ്ക്കും പാർലമെന്റിൽ സ്ഥാനം ലഭിക്കുകയായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സോണിയ ഗാന്ധി.

പ്രിയങ്ക കൂടി എത്തിയതോടെ പതിറ്റാണ്ടുകൾക്ക് ശേഷം പാർലമെന്റിൽ ഒരേ സമയം ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്ന് പേരുണ്ടാകും. ഗാന്ധികുടുംബത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തിന് കരുത്തുറ്റ മറ്റൊരു തലം കൂടി നൽകുന്നതാണ് പ്രിയങ്കയുടെ വിജയം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന് 4,10,931 വോട്ടുകൾക്കാണ് കന്നിയങ്കത്തിൽ പ്രിയങ്ക വിജയിച്ചത്.

ഗാന്ധി കുടുംബത്തെ കൂടാതെ പാർലമെന്റിൽ സാന്നിധ്യമറിയിച്ചിരിക്കുന്ന രാഷ്ട്രീയകുടുംബങ്ങൾ വേറെയുമുണ്ട്. യാദവ് കുടുംബമാണ് ഇതിൽ പ്രധാനി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിളും നിലവിൽ പാർലമെന്റിലുണ്ട്. കനൗജിൽ നിന്നും മായിൻപുരിയിൽ നിന്നുമുള്ള ലോക്‌സഭാ എംപിമാരാണ് ഇരുവരും. ഡിംപിളിനെ കൂടാതെ അഖിലേഷ് യാദവിന്റെ ബന്ധുക്കളായ അക്ഷയ് യാദവും ധർമേന്ദ്ര യാദവും ലോക്‌സഭാ എംപിമാരാണ്. അക്ഷയ് ഫിറോസാബാദിൽ നിന്നും, ധർമേന്ദ്ര ബദൗണിൽ നിന്നുമാണ് ജയിച്ചത്.

ഇവരെ കൂടാതെ പാർലമെന്റിൽ വേരുറപ്പിച്ചിരിക്കുന്ന മറ്റൊരു കുടുംബമാണ് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എംപി പപ്പു യാദവിന്റേത്. രാജ്യസഭാ എംപിയാണ് പപ്പുവിന്റെ ഭാര്യ രഞ്ജീത് രഞ്ജൻ. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായൻ ശരദ് പവാർ രാജ്യസഭാ എംപി ആയിരിക്കെ മകൾ സുപ്രിയ സുലേ ബാരാമതി മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ എംപിയായതും മറ്റൊരു കുടുംബക്കാര്യം.

പാർലമെന്റിനെ കൂടാതെ നിയമസഭയിലുമുണ്ട് കുടുംബവിശേഷം. ബിഹാറിൽ മുൻ മുഖ്യമന്ത്രി രാബ്രി ദേവിയും മക്കളായ തേജസ്വ യാദവും തേജ് പ്രതാപ് യാദവും നിയമസഭയിലെ കരുത്തുറ്റ മുഖങ്ങളാണ്. നിലവിൽ ഉപമുഖ്യമന്ത്രിയാണ് തേജസ്വി.

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവും ഭാര്യ കമലേഷ് ഠാക്കൂറും എം.എൽ.എമാരാണ്. ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനൊപ്പം ഭാര്യ കല്പന സോറനും സഭയിലുണ്ട്. ഗാണ്ഡെ മണ്ഡലത്തിൽ നിന്നാണ് കല്പനയുടെ വിജയം.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡിഎംകെ നേതാവുമായ കനിമൊഴി തൂത്തുക്കുടിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്. ചെന്നൈ സെൻട്രലിൽ നിന്നുള്ള എംപിയാണ് കരുണാനിധിയുടെ അനന്തരവപുത്രൻ ദയാനിധിമാരൻ.

തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമാണ് പി.ചിദംബരം. അദ്ദേഹത്തിന്റെ മകൻ കാർത്തി കർണാടകയിലെ ശിവ്ഗംഗയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News