മൈക്ക് പിടിച്ചുവാങ്ങി; ഹൈദരാബാദിൽ ഹിമന്തയുടെ വേദി കൈയേറി പ്രതിഷേധം
ഹൈദരാബാദില്‍ സന്ദർശനം നടത്തുന്ന അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ വ്യക്തിപരമായി കടന്നാക്രമിച്ചിരുന്നു
ഹൈദരാബാദ്: അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശർമ ഹൈദരാബാദിൽ നടത്തിയ റാലിക്കിടെ പ്രതിഷേധം. റാലിക്കിടെ വേദിയിലേക്ക് ഒരാൾ ഇരച്ചെത്തി പ്രാസംഗികനിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി. തൊട്ടടുത്തുണ്ടായിരുന്ന ഹിമന്തയെ തള്ളുകയും ചെയ്തു.
ഹൈദരാബാദിൽ ഗണേശോത്സവത്തിന്റെ ഭാഗമായി ഭാഗ്യനഗർ ഗണേശ് ഉത്സവ് സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യാതിഥിയായി ഹിമന്ത പങ്കെടുത്തത്. റാലിയിൽ പ്രസംഗം തുടരുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി അപരിചിതൻ സ്റ്റേജിലേക്ക് അതിക്രമിച്ചുകയറിയത്. നേരെ ഹിമന്തയ്ക്ക് തൊട്ടടുത്തുള്ള പ്രാസംഗികന്റെ അടുത്തേക്ക് ഇരച്ചെത്തി മൈക്ക് പിടിച്ചുവലിക്കുകയായിരുന്നു. ഹിമന്തയെ തള്ളുകയും അദ്ദേഹത്തോട് സംസാരിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ മാറ്റുകയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു(കെ.സി.ആർ)വിന്റെ പാർട്ടിയായ ടി.ആർ.എസ് പ്രവർത്തകനാണ് പ്രതിഷേധക്കാരനെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ടി.ആർ.എസ് കൊടിയുടെ നിറത്തിലുള്ള ഷാളുമായാണ് ഇയാൾ എത്തിയിരുന്നത്.
നേരത്തെ, തെലങ്കാനയിൽ സന്ദർശനത്തിനിടെ കെ.സി.ആറിനെ ഹിമന്ത വ്യക്തിപരമായി കടന്നാക്രമിച്ചിരുന്നു. കെ.സി.ആർ ബി.ജെ.പി മുക്ത രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, ബി.ജെ.പി കുടുംബാധിപത്യ മുക്ത രാഷ്ട്രീയത്തെക്കുറിച്ചാണ് പറയുന്നത്. കെ.സി.ആറിനെയും മകനെയും മകളെയുമെല്ലാം ഹൈദരാബാദിലെ ചിത്രങ്ങളിൽ കാണാം. ഇതാണ് അവസാനിപ്പിക്കേണ്ടതെന്നും ഹിമന്ത പറഞ്ഞു.
Summary: Man snatches mic on Assam CM Himanta Biswa Sarma's Hyderabad stage