ഡൽഹിയിൽ സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച്; പങ്കാളികളായി തൃണമൂലും ആപും; ഉത്തരവ് കീറിയെറിഞ്ഞ് കേരള എം.പിമാർ

പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. രാജ്യസഭ രണ്ട് മണി വരെയും ലോക്‌സഭ വൈകീട്ട് നാല് വരെയുമാണ് നിർത്തിവച്ചത്.

Update: 2023-03-27 07:16 GMT
Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡൽഹിയിൽ സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച്. അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് വിജയ് ചൗക്കിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞാണ് പ്രതിപക്ഷ എം.പിമാർ പാർലമെന്റിലെത്തിയത്.

സഭയ്ക്കകത്തും വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്തിൽ നിന്നുണ്ടായത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോകസഭാ ഉത്തരവ് ടി.എൻ പ്രതാപനും ഹൈബി ഈഡനും സ്പീക്കർക്ക് നേരെ കീറിയെറിഞ്ഞു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പാർലമെന്റിന്റെ ഇരു സഭകളും നിർത്തിവച്ചു. രാജ്യസഭ രണ്ട് മണി വരെയും ലോക്‌സഭ വൈകീട്ട് നാല് വരെയുമാണ് നിർത്തിവച്ചത്.

തുടർന്നായിരുന്നു, പ്രതിപക്ഷ എം.പിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയത്. രാഹുൽഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ബിആർഎസ് തുടങ്ങിയ പാർട്ടി എം.പിമാരും പ്രതിപക്ഷ പ്രതിഷേധത്തിൽ പങ്കാളികളായി. വിഷയത്തിൽ ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷ പാർട്ടികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

രാജ്യത്ത് ജനാധിപത്യത്തെ നരേന്ദ്രമോദി ഒന്നിന് പുറകെ മറ്റൊന്നായി ഇല്ലാതാക്കുകയാണ്. ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് കേന്ദ്രം നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചെന്നും അദ്ദേഹം ആഞ്ഞടിച്ചു. അദാനിയുടെ സമ്പത്ത് വർധിച്ചതിനെ കുറിച്ച് രാഹുൽ ഗാന്ധി പാർലമെന്റിൽ ചോദ്യം ഉന്നയിച്ചു. വിദേശ രാജ്യങ്ങളിൽ എത്ര തവണ അദാനിയെ നരേന്ദ്രമോദി വിമാനത്തിൽ കൊണ്ടുപോയെന്നും രാഹുൽഗാന്ധി ചോദിച്ചു.

സംയുക്ത പാർലമെന്ററി കമ്മിറ്റി അദാനി വിഷയം അന്വേഷിക്കുന്നതിൽ എന്താണ് ഭയമെന്ന് ചോദിച്ച അദ്ദേഹം, സഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപി ഭയപ്പെടുന്നു എന്നും തുറന്നടിച്ചു. ഗുജറാത്തിൽ രാഹുൽ ഗാന്ധിക്ക് എതിരെ കേസ് എടുത്തത് അപമാനിക്കാനാണെന്നും പൊലീസും സർക്കാരും തങ്ങളുടെ അധീനതയിൽ ആയതിനാലാണ് കേസ് ഗുജറാത്തിൽ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇത് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. രാഹുൽ ഗാന്ധിക്കെതിരായ നടപടി ഞെട്ടിക്കുന്നതെന്ന് ബിആർഎസ് വ്യക്തമാക്കി. രാഹുൾ ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കരുതെന്നാണ് ബിജെപിയുടെ ആവശ്യമെന്നും വിധി വന്ന് 24 മണിക്കൂർ കൊണ്ട് അയോഗ്യനാക്കിയെന്നും ശശി തരൂർ എം.പി പറഞ്ഞു.

രാഷ്ട്രതിയോട് ചോദിക്കാതെ ലോകസഭ സെക്രട്ടേറിയറ്റിന് എങ്ങനെ തീരുമാനമെടുക്കാനാകും. ഈ ആഴ്ച തന്നെ വേണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ജനാധിപത്യത്തിന് നഷ്ടം വന്നാൽ എല്ലാവരുടെ ജീവിതവും മാറും- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ വരെയില്ലാത്ത പ്രതിപക്ഷ പാർട്ടികളും ഇന്ന് ഒരുമിച്ചെത്തിയെന്നും ഈ ഐക്യം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ പുതിയ ചരിത്രമാകുമെന്നും എളമരം കരീം എം.പി ചൂണ്ടിക്കാട്ടി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിലെ കറുത്ത ഏടാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് എതിരെ നടപടിക്ക് മിന്നൽ വേഗവും അദാനിയുടെ കാര്യത്തിൽ ഒച്ചിന്റെ വേഗതയുമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിന് നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും ഒമ്പത് വർഷത്തിനിടെ ഏറ്റവും വലിയ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടത് ഇപ്പോഴാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News