കൊൽക്കത്തയിൽ പ്രതിഷേധം കനക്കുന്നു; വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോൾ ആരാധകരും രംഗത്ത്
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ബംഗാളിൽ വൻപ്രതിഷേധം. ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്തയിൽ ഫുട്ബോൾ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തി. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകരാണ് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ബംഗാളിൽ വ്യാപകമാകുന്ന സംഘർഷം കണക്കിലെടുത്ത് നടക്കാനിരുന്ന മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു.
ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും അതിനെ മറികടന്ന് പ്രതിഷേധക്കാർ ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് പൊലീസുമായി ഏറ്റുമുട്ടിയ ഇവർക്കുനേരെ ലാത്തിചാർജ് പ്രയോഗിച്ചു. അതിനിടെ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് രംഗത്തുവന്നു. മൃതദേഹം സംസ്കരിക്കുന്നതിനായി അധികൃതർ തിടുക്കം കൂട്ടിയെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും ഇദ്ദേഹം രംഗത്തുവന്നിരുന്നു. പ്രതിഷേധിക്കുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നുമായിരുന്നു ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. നീതിക്കുവേണ്ടിയാണ് എല്ലാവരും സമരം ചെയ്യുന്നതെന്നും അന്വേഷണം ശരിയായ രീതിയിൽ തന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകൾക്ക് നീതി വേണമെന്നും പിതാവ് പറഞ്ഞു.
ആർജി കർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 32 ആയി. പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ബലാത്സംഗ കൊലപാതകത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി മറ്റെന്നാൾ പരിഗണിക്കും.