മണിപ്പൂർ ബി.ജെ.പിയിൽ പൊട്ടിത്തെറി; മോദിയുടെയും മുഖ്യമന്ത്രി എൻ. ബിരേൻ സിങിന്‍റെയും കോലം കത്തിച്ചു
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പാർട്ടി ഓഫീസുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു
മണിപ്പൂർ ബി.ജെ.പിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എൻ. ബിരേൻ സിങിന്‍റെയും കോലം കത്തിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പാർട്ടി ഓഫീസുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ ബി.ജെ.പി ഇന്നലെയാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിരാശരായ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രിയുടെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പാർട്ടി കൊടിയും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും പ്രവർത്തകർ കത്തിച്ചു.
സ്ഥാനാർഥി പട്ടികയിൽ ഇടം നേടാനാകാതെ പോയ ചിലർ പാർട്ടി വിട്ടതായും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിൽ നിന്ന് വന്നവർക്ക് സീറ്റ് നൽകിയതിൽ അസംതൃപ്തരാണ് പാർട്ടി വിട്ടതെന്നാണ് സൂചന. സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ പത്ത് പേർ ഈയിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയവരാണ്, മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്താണ് ഇതിൽ പ്രമുഖൻ. പ്രതിഷേധ സാഹചര്യത്തിൽ ഇംഫാലിലെ ബി.ജെ.പി ആസ്ഥാനത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.