ഡല്‍ഹി-ദോഹ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി

സാങ്കേതിക തകരാര്‍ ആണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-03-21 06:28 GMT
Advertising

ഖത്തർ എയർവേസിന്‍റെ ഡല്‍ഹി-ദോഹ വിമാനം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാര്‍ ആണ് കാരണമെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

QR579 എന്ന വിമാനത്തില്‍ 100 യാത്രക്കാരാണുള്ളത്. ലഗേജ് സൂക്ഷിച്ച സ്ഥലത്ത് പുക ഉയർന്നതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. പകരം വിമാനം ഒരുക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

"എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടങ്ങി. യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോകാൻ മറ്റൊരു ഫ്ലൈറ്റ് ഏര്‍പ്പാടാക്കും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു"- ഖത്തർ എയർവേയ്‌സിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാർക്ക് യാതൊരു വിവരവും കൈമാറുന്നില്ലെന്നും ഭക്ഷണമോ വെള്ളമോ നൽകുന്നില്ലെന്നും വിമാനത്തിലുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ സമീർ ഗുപ്ത ട്വീറ്റ് ചെയ്തു. ദയവായി സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പലർക്കും ദോഹയിൽ നിന്ന് കണക്‌റ്റിംഗ് ഫ്‌ളൈറ്റുകൾ ഉണ്ടെന്നും കറാച്ചിയിൽ നിന്ന് എപ്പോൾ തിരിക്കുമെന്നതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മറ്റൊരു യാത്രക്കാരൻ രമേഷ് റാലിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 3:50ന് ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനം പുലർച്ചെ 5:30നാണ് കറാച്ചിയിൽ ഇറക്കിയത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News