'റിപ്പബ്ലിക് പരേഡിൽ നിന്ന് ഒഴിവാക്കിയ ടാബ്ലോ തമിഴ്‌നാട്ടിൽ മുഴുവൻ പ്രദർശിപ്പിക്കും': സ്റ്റാലിൻ
തമിഴ്നാട്ടിൽ നിന്നുള്ള ധീര യോദ്ധാക്കളെ ചിത്രീകരിക്കുന്ന ടാബ്ലോ നിരസിച്ചത് തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് സ്റ്റാലിൻ പറഞ്ഞു.
റിപ്പബ്ലിക് പരേഡിൽ നിന്നും ഒഴിവാക്കിയ ടാബ്ലോ സംസ്ഥാനത്ത് മുഴുവൻ പ്രദർശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ നിന്നുള്ള ധീര യോദ്ധാക്കളെ ചിത്രീകരിക്കുന്ന ടാബ്ലോ നിരസിച്ചത് തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് സ്റ്റാലിൻ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും 'തമിഴ്‌നാട് സ്വാതന്ത്ര്യ സമരത്തിൽ' എന്ന പേരിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടാബ്ലോ ഒഴിവാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്നേഹത്തെയും വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് സ്റ്റാലിൻ കത്തെഴുതി. സ്വാതന്ത്ര്യസമരത്തിൽ തമിഴ്നാടിന്റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അതിന്റെ പങ്ക് 'മറ്റ് സംസ്ഥാനങ്ങളേക്കാൾ ചെറുതല്ല' എന്നും അദ്ദേഹം പറഞ്ഞു.
1857ലെ ശിപായി ലഹളയ്ക്ക് മുമ്പാണ് 1806ൽ നടന്ന വെല്ലൂർ ലഹളയെന്നും ജാൻസി റാണിക്ക് 70 വർഷം മുമ്പ് നാച്ചിയാർ രാജ്ഞിയായ 'വീരത്തൈ' വേലു നാച്ചിയാർ ബ്രിട്ടീഷുകാരോട് പോരാടിയിട്ടുണ്ട്. വീരപാണ്ഡ്യ കട്ടബൊമ്മൻ, മരുതൂർ സഹോദരങ്ങൾ, വീരൻ സുന്ദ്രലിംഗം, പുലിതേവൻ, ധീരൻ ചിന്നമല തുടങ്ങി നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് തമിഴ്‌നാട് ജന്മം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയും തള്ളിയിരുന്നു. ജടായുപ്പാറയുടെ സ്കെച്ചാണ് കേരളം നൽകിയത്. ടൂറിസമാണ് പ്രധാന വിഷയമായി നൽകിയത്. രണ്ടു ഭാഗങ്ങളായുള്ള നിശ്ചല ദൃശ്യത്തിൽ ആദ്യത്തെ കവാടത്തിന്‍റെ മാതൃകയാണ് തർക്കത്തിന് ഇടയാക്കിയത്. ജടായുവിന്‍റെ മുറിഞ്ഞ ചിറകിന്‍റെ മാതൃകയാണ് കവാടത്തിന്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം കൂടി ഇതിലുണ്ടെന്ന വിശദീകരണവും നൽകി. എന്നാൽ അത്തരമൊരു വിഷയം ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സമിതി വ്യക്തമാക്കി.