"ജനവിധി മാനിക്കുന്നു, വാഗ്‌ദാനങ്ങൾ പാലിക്കും": പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല

Update: 2023-12-03 13:28 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി മാനിക്കുന്നു. തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി, നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. 

ഹിന്ദി ഹൃദയഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. മുന്നണിയിലെ പ്രബല കക്ഷിയും നേതൃത്വം വഹിക്കുന്ന പാർട്ടിയുമാണെന്നിരിക്കെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്​ഗഢ് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം കോൺ​ഗ്രസിന് നാണക്കേടാവുകയും ചെയ്തു. ഇതോടെ, മുന്നണിയിൽ കോൺ​ഗ്രസിന്റെ നേതൃയോ​ഗ്യത തന്നെ ചോദ്യചിഹ്നമാവുകയും ചെയ്തിരിക്കുകയാണ്.

ഹിന്ദി ബെൽറ്റിലെ തിരിച്ചടിക്ക് പിന്നാലെ ഡിസംബർ ആറിന് കോൺ​ഗ്രസ് 'ഇൻഡ്യ' മുന്നണിയുടെ യോഗം വിളിച്ചിരിക്കുന്നതും ആ ആശങ്കയുടെ പുറത്താണ്. ഡൽഹിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് മുന്നണി യോഗം. ഛത്തീസ്ഗഡും രാജസ്ഥാനും നിലനിർത്താമെന്നും മധ്യപ്രദേശിൽ വിജയിക്കാമെന്നും ഇന്ന് രാവിലെ വരെ പ്രതീക്ഷിച്ചിരുന്ന പാർട്ടി പിന്നീട് മൂന്നിടത്തും താഴെപ്പോവുകയായിരുന്നു.

രാജസ്ഥാനിൽ പാർട്ടിയിലെ തമ്മിലടിയാണ് തിരിച്ചടിയായത്. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറു മാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ ഇതിനോടകം മൂന്ന് സംസ്ഥാനങ്ങളിലെ വിജയം ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നതാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News