ബുള്ളിബായ് പ്രതിയുടെ പ്രായം കണ്ട് ഞെട്ടേണ്ട; ബിജെപിക്ക് ഒരുപാട് വെറുപ്പ് ഫാക്ടറികളുണ്ട്: രാഹുൽ ഗാന്ധി

സമൂഹമാധ്യമങ്ങളിൽ ജനപ്രീതിയുണ്ടാക്കാനും എതിർക്കുന്നവരെപ്പറ്റി വിദ്വേഷ പ്രചാരണം നടത്താനും ബിജെപി ഉപയോഗിക്കുന്ന ടെക്‌ഫോഗ് അവയിൽ ഒന്നു മാത്രമാണെന്നും രാഹുൽ

Update: 2022-01-08 11:45 GMT
Advertising

രാജ്യത്തെ മുസ്‌ലിം സ്ത്രീകളെ ലേലത്തിനുവെച്ച ബുള്ളിബായ് ആപ്പ് നിർമിച്ചതിനും പ്രചരിപ്പിച്ചതിനും അറസ്റ്റിലായവരുടെ പ്രായം കണ്ട് ബുള്ളിബായ് പ്രതിയുടെ പ്രായം കണ്ട് ഞെട്ടേണ്ടെന്നും വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഒരുപാട് ഫാക്ടറികൾ ബിജെപിക്കുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ്യമങ്ങളിൽ ജനപ്രീതിയുണ്ടാക്കാനും എതിർക്കുന്നവരെപ്പറ്റി വിദ്വേഷ പ്രചാരണം നടത്താനും ബിജെപി ഉപയോഗിക്കുന്ന ടെക്‌ഫോഗ് അവയിൽ ഒന്നു മാത്രമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരം അവഹേളിക്കപ്പെടുന്ന രാഹുൽ ചൂണ്ടിക്കാട്ടി. പ്രത്യേക മതത്തിലെ സ്ത്രീകളെ അവഹേളിക്കുന്ന ബുള്ളിബായ് ആപ്പിന് പിറകിലുള്ളവരുടെ പ്രായം കണ്ട് എവിടെ നിന്നാണ് ഇത്ര വെറുപ്പ് വരുന്നതെന്ന് രാജ്യം അത്ഭുതപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു. വെറുപ്പ് പടർത്താനായി ഇത്രയധികം ബിജെപി സംവിധാനങ്ങളുണ്ടായിരിക്കേ അത്ഭുതപ്പെടുന്നതിൽ അർത്ഥമില്ലെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്.

മുസ്‌ലിം സ്ത്രീകളെ വിൽപ്പനയ്ക്കുവെച്ച ബുള്ളി ബായ് ആപ്പിന് പിന്നിൽ പ്രവർത്തിച്ച നാലു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. നാലു പേരും വിദ്യാർഥികൾ. പിടിയിലായ മൂന്ന് ആൺകുട്ടികളുടെയും പ്രായം 21 ആണ്. പെൺകുട്ടിക്ക് 19 വയസ്സും. നാലു പേരും രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ളവർ. നാല് പേരെയും തമ്മിൽ ബന്ധിപ്പിച്ചത് തീവ്രഹിന്ദുത്വ ആശയങ്ങളും മുസ്‌ലിം വിദ്വേഷവുമാണ്. ബുള്ളി ബായ് ആപ്പ് വികസിപ്പിച്ച, കഴിഞ്ഞ ദിവസം പിടിയിലായ നീരജ് ബിഷ്‌ണോയ് തൻറെ പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നാണ് ചോദ്യംചെയ്യലിനിടെ പറഞ്ഞത്.

'ടെക് ഫോഗ്'; ബിജെപിയുടെ രഹസ്യ ആപ്പ്

സംഘ് പരിവാർ ഉപയോഗിക്കുന്ന 'ടെക് ഫോഗ്' എ രഹസ്യ ആപ്പിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. രണ്ടുവർഷത്തോളം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ 'ദി വയർ' പുറത്തുവിട്ട' റിപ്പോർട്ടിലാണ് സംഘ് പരിവാർ സൈബർ വിഭാഗത്തിന്റെ കള്ളക്കളികളെയും കൃത്രിമങ്ങളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങളുള്ളത്. ലോകത്തെ മുൻകിട ടെക് കമ്പനികളോട് കിടപിടിക്കുന്ന സാങ്കേതിക മികവും ഇന്റർനെറ്റിലെ തടസ്സങ്ങൾ മറികടക്കുന്നതിനുള്ള കൗശലങ്ങളുമുള്ള ആപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത് ബി.ജെ.പി ഐ.ടി സെല്ലും അവരുടെ യുവജനവിഭാഗമായ ഭാരതീയ യുവമോർച്ചയുമായണെന്നും സമൂഹമാധ്യമങ്ങളിൽ സംഘ് പരിവാർ അനുകൂല ട്രെന്റുകൾ ഉണ്ടാക്കുന്നത് യഥാർത്ഥ വ്യക്തികളല്ല, കൃത്രിമമായാണെും ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിനു പിന്നിൽ പ്രവർത്തിച്ചവരുടെ വെളിപ്പെടുത്തലുകളും സ്‌ക്രീൻഷോട്ടുകളും സഹിതമാണ് 'ദി വയർ' വിശദമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

2019-ൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉന്നത സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതിനെ തുടർന്ന് അസംതൃപ്തനായ ബി.ജെ.പി ഐ.ടി സെല്ലിലെ ഒരു ജീവനക്കാരനാണ് അധികമാരും കേട്ടിട്ടില്ലാത്ത ടെക് ഫോഗിനെപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത്. ഒരു അജ്ഞാത ട്വിറ്റർ അക്കൗണ്ടിൽ (@Aarthisharma08) നിന്ന് 2020 ഏപ്രിലിലായിരുന്നു വെളിപ്പെടുത്തൽ. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സ്വാധീനശേഷിയുള്ള സമൂഹമാധ്യമങ്ങളിൽ കൃത്രിമമായി ട്രെന്റുകളുണ്ടാക്കാനും തങ്ങളുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാമുഖ്യമുണ്ടെന്നു വരുത്താനും പാർട്ടിയുടെ ജനപ്രീതി വർധിപ്പിക്കാനും വിമർശകരെ അപകീർത്തിപ്പെടുത്താനും സംഘ് പരിവാറിനനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനും ഭരണകക്ഷിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ ഈ ആപ്പ് ഉപയോഗിക്കുന്നു എന്നായിരുന്നു അന്ന് ട്വീറ്റിൽ പറഞ്ഞത്.

കൃത്രിമത്വം ഒഴിവാക്കാനായി വെബ്സൈറ്റുകൾ ഏർപ്പെടുത്തിയ കാപ്ച കോഡിനെ മറികടക്കാനും കൃത്രിമമായി ടെക്സ്റ്റുകളും ഹാഷ് ടാഗ് ക്യാമ്പയിനുകളും സൃഷ്ടിക്കാനും തങ്ങൾക്കെതിരെ വാർത്ത കൊടുക്കുന്ന മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താനും ഈ ആപ്പ് വഴി ബി.ജെ.പി ഐ.ടി സെൽ ശ്രമിച്ചതായും തുടർന്നുള്ള ട്വീറ്റുകളിൽ ഇയാൾ വെളിപ്പെടുത്തിയിരുന്നു. 2019ൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഉയർന്ന ജോലി നൽകാമെന്ന് ബി.ജെ.പി ഐ.ടി സെൽ മുൻ മേധാവിയും യുവമോർച്ച നേതാവുമായ ദേവാംഗ് ദാവേ വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് പാലിക്കാത്തതുകൊണ്ടാണ് താൻ ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അജ്ഞാതനായ ഇയാൾ അവകാശപ്പെടുന്നു.

ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് 'ദി വയർ' ആപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ആയുഷ്മാൻ കൗൾ, ദേവേഷ് കുമാർ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ട്വിറ്ററിൽ കൃത്രിമ ഹാഷ് ടാഗുകൾ സൃഷ്ടിക്കുക, പാർട്ടിക്ക് അനുകൂലമായി വ്യാജ ട്വിറ്റർ ട്രെന്റുകൾ സൃഷ്ടിക്കുക, വ്യാജ അക്കൗണ്ടുകൾ വഴി വിദ്വേഷ പ്രചാരണങ്ങൾ നടത്തുക, നിരവധി ഗ്രൂപ്പുകളിലേക്കും ഉപയോക്താക്കളിലേക്കും കൃത്രിമമായി ഷെയർ ചെയ്യുക തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് ആപ്പ് വഴി നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എതിർപക്ഷത്തുള്ള വനിതാ മാധ്യമപ്രവർത്തകരെ അശ്ലീല വാക്കുകളുപയോഗിച്ച് ശല്യം ചെയ്യുതടക്കമുള്ള സംവിധാനങ്ങൾ ടെക് ഫോഗ് ആപ്പിലുണ്ട്. ട്വിറ്ററിലും മറ്റുമുണ്ടാകുന്ന തങ്ങൾക്കനുകൂലമല്ലാത്ത ട്രെന്റുകൾ മറികടക്കുന്നതിന് കൃത്രിമമായി ഹാഷ് ടാഗുകൾ പ്രവഹിപ്പിക്കാനും കൂട്ടമായി മറുപടികൾ നൽകാനും ഇതുവഴി കഴിയും. ആപ്പിന്റെ ഞെട്ടിക്കുന്ന മറ്റൊരു സവിശേഷത വ്യക്തികളുടെ പ്രവർത്തനരഹിതമായ വാട്‌സ് ആപ്പ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിച്ച് അവർ പതിവായി ബന്ധപ്പെട്ടിരുന്ന എല്ലാ കോൺടാക്ടുകളിലേക്കും വ്യക്തിപരമായി സന്ദേശമയക്കാനുള്ള സൗകര്യമാണ്. പെർസിസ്റ്റൻസ് സിസ്റ്റം, മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ആപ്പിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 10 സംസ്ഥാനങ്ങളിലെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ ഡാറ്റാ ഹബ്ബ് രൂപീകരിക്കുതിനായി 2018ൽ ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പെർസിസ്റ്റൻസ് സിസ്റ്റം ടെക്‌നോളജിയെ ചുമതലപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ ആപ്പായ ഷെയർചാറ്റിന് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് മൊഹല്ല ടെക് പ്രൈവറ്റ് കമ്പനി. രാഷ്ട്രീയ പ്രചാരണങ്ങളും വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണങ്ങളും ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സ്ആപ്പ് തുടങ്ങിയവയിൽ അപ്ലോഡ് ചെയ്യുതിന് മുമ്പ് പരിശോധിക്കാനാണ് ഈ ആപ്പ് ഉപയോഗിച്ചിരുതെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി ഐ.ടി സെൽ മുൻ മേധാവിയും യുവമോർച്ച നേതാവുമായ ദേവാംഗ് ദാവേ ആണ് ആപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ നടത്തിയ അജ്ഞാതൻ പറഞ്ഞത്. എന്നാൽ അദ്ദേഹം ആരോപണം നിഷേധിച്ചതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു.

കുറ്റബോധമില്ലാതെ ബുള്ളിബായ് പ്രതികൾ

'ഞാൻ ചെയ്തത് ശരി, കുറ്റബോധമില്ല' ഭോപ്പാലിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ് നീരജ് ബിഷ്ണോയി. അസമിലെ ജോർഹട്ട് ജില്ലയിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബറിലാണ് ആപ്പ് വികസിപ്പിച്ചതെന്നും ഡിസംബർ 21 മുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തുതുടങ്ങിയെന്നും നീരജ് ബിഷ്‌ണോയ് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഡിസംബർ 31നാണ് ആപ്പ് പുറത്ത് ലഭ്യമാക്കിയത്. മുംബൈ പൊലീസിനെ പരിഹസിക്കാൻ @giyu44 എന്ന അക്കൌണ്ടും നീരജ് ബിഷ്‌ണോയ് ഇതിനിടെ തുടങ്ങുകയുണ്ടായി. ബുള്ളി ബായ് ആപ്പ് കേസിൽ അറസ്റ്റുണ്ടായപ്പോൾ 'നിരപരാധികളെയാണ് നിങ്ങൾ അറസ്റ്റ് ചെയ്തത് സ്ലംബൈ പൊലീസ്.. ഞാനാണ് ബുള്ളി ബായ് ആപ്പിൻറെ സ്രഷ്ടാവ്. അറസ്റ്റ് ചെയ്തവരെ എത്രയും പെട്ടെന്ന് വിട്ടയക്കുക'- എന്ന് നീരജ് ബിഷ്‌ണോയ് ട്വീറ്റ് ചെയ്യുകയുണ്ടായി. താൻ ചെയ്തത് കുറ്റകൃത്യമാണെന്ന് പോലും അംഗീകരിക്കാത്ത നീരജ് ബിഷ്‌ണോയിക്ക് ഒരു കുറ്റബോധവുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

സാങ്കേതിക വൈദഗ്ധ്യവും വര്‍ഗീയതയും ഒത്തുചേര്‍ന്നപ്പോള്‍...

ഹിന്ദുമതത്തിന്‍റെ ഔന്നത്യത്തില്‍ അഭിമാനിക്കുന്ന ബിഷ്ണോയി, എല്ലാ തീവ്ര ഹിന്ദുത്വവാദികളെയും പോലെ മറ്റ് മതങ്ങളോടുള്ള വെറുപ്പും ചെറുപ്പത്തിലേ തന്നെ പരസ്യമാക്കിയിട്ടുണ്ട്. ഹിന്ദുമതത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് അഞ്ച് വര്‍ഷം മുന്‍പുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ബിഷ്ണോയി അവകാശപ്പെടുന്നു. തമോഗര്‍ത്തങ്ങളെ കുറിച്ച് ഉപനിഷത്തുകളില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് ബിഷ്ണോയ് ഒരു പോസ്റ്റില്‍ പറഞ്ഞു. മതപരിവര്‍ത്തനം നടക്കുന്നത് നിര്‍ബന്ധിച്ചോ സഹായം വാഗ്ദാനം ചെയ്തോ ആണെന്നാണ് 2017ലെ ഒരു പോസ്റ്റില്‍ ബിഷ്ണോയ് അഭിപ്രായപ്പെട്ടത്. മുസ്‍ലിംകളും ക്രിസ്ത്യൻ മിഷനറിമാരും ഓരോ വർഷവും ആയിരക്കണക്കിന് ഹിന്ദുക്കളെ മതപരിവർത്തനം നടത്തുമ്പോൾ ഹിന്ദുക്കൾ വെറുതെ ഇരിക്കണോ എന്നാണ് ബിഷ്ണോയിയുടെ ചോദ്യം. ക്വോറയിലെ (Quora)യിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് ബിഷ്ണോയി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതായത് 15 വയസ്സു മുതല്‍ തീവ്ര ഹിന്ദുത്വ ചിന്തകളോടുള്ള ആഭിമുഖ്യം ബിഷ്ണോയി സൈബര്‍ ലോകത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികവിദ്യയോടും ചെറുപ്പത്തിലേ ആഭിമുഖ്യമുണ്ടെന്ന് ബിഷ്ണോയുടെ ക്വോറ ഉത്തരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. സൗജന്യമായി വെബ്‌സൈറ്റുകൾ എങ്ങനെ ഡെവലപ്പ് ചെയ്യും എന്നതു മുതൽ ആൻറി-വൈറൽ സോഫ്‌റ്റ്‌വെയർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നുവരെ 16ആം വയസ്സിലേ ബിഷ്ണോയിക്ക് അറിയാമായിരുന്നു. ഈ സാങ്കേതിക വൈദഗ്ധ്യം 21ആം വയസ്സില്‍ നല്ല കാര്യങ്ങള്‍ക്കല്ല ഈ വിദ്യാര്‍ഥി ഉപയോഗിച്ചത്. ഉള്ളില്‍ക്കയറിയ വര്‍ഗീയവിഷവും സാങ്കേതിക വൈദഗ്ധ്യവും ചേര്‍ന്നപ്പോള്‍ അത് ബുള്ളി ബായ് എന്ന ആപ്പായി മാറി. ഗുരുതരമായ സൈബര്‍ കുറ്റകൃത്യത്തിലെ മുഖ്യപ്രതിയായി ഈ വിദ്യാര്‍ഥി ഇപ്പോള്‍ ജയിലിലാണ്. കേസില്‍ ആദ്യം പിടിയിലായ വിശാൽ കുമാര്‍ ഝായും എഞ്ചിനീയറിങ് വിദ്യാർഥിയാണ്. ശ്വേത സിങ് പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പിടിയിലായ മായങ്ക് റാവല്‍ എന്ന 21കാരനും വിദ്യാര്‍ഥി തന്നെ. ആരാണ് പ്രതിഭാധനരായ ഈ വിദ്യാര്‍ഥികളുടെ മസ്തിഷ്കത്തില്‍ വര്‍ഗീയ വിഷം കുത്തിവെച്ചത്?

പേടിയാണിവര്‍ക്ക് പ്രതികരിക്കുന്ന സ്ത്രീകളെ

ഇന്ത്യയിലെ സൈബര്‍ അതിക്രമങ്ങളെ കുറിച്ച് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പഠന റിപ്പോര്‍ട്ട് പറയുന്നത് പ്രതികരണശേഷിയുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് എന്നാണ്. സ്ത്രീകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ആക്രമണം നേരിടുന്നത് ശബ്ദിക്കുന്ന ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളിലെ സ്ത്രീകളാണെന്നും ആംനസ്റ്റി റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സുള്ളി ഡീല്‍സ്, ബുള്ളി ബായ് തുടങ്ങിയ ആപ്പുകള്‍ തെളിയിക്കുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധതയിൽ നിന്നുണ്ടാവുന്ന വെറുപ്പും വിദ്വേഷവും മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നതില്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറോളം മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം പുറത്തറിഞ്ഞത്. മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് ഈ വിദ്വേഷ ക്യാമ്പയിനെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത്- ''ഒരു മുസ്‌ലിം സ്ത്രീയെന്ന നിലയ്ക്ക് ഇത്രയും ഭീതിയോടെയും അസ്വസ്ഥതയോടെയും പുതിയൊരു വർഷം ആരംഭിക്കേണ്ടിവരികയെന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീൽസിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ലെന്ന് പറയാതെ തന്നെ ഉറപ്പാണ്. ഇന്നു രാവിലെ ഒരു സുഹൃത്ത് അയച്ചുതന്നെ സ്‌ക്രീൻഷോട്ടാണിത്. പുതുവത്സരാശംസകൾ'' എന്ന കുറിപ്പോടെയാണ് ഇസ്മത് ആറ ബുള്ളി ബായ് ആപ്പിനെക്കുറിച്ച് പ്രതികരിച്ചത്. നടി ഷബാന ആസ്മി, ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ ഉമ്മ ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മാധ്യമപ്രവർത്തക സബാ നഖ്‌വി, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ ലേലം വിളിച്ചത്. ആയിഷ റെന്ന, ലദീദ ഫര്‍സാന, നിദ പര്‍വീണ്‍ തുടങ്ങിയ മലയാളി വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പില്‍ പ്രദര്‍ശിപ്പിച്ചു.

Congress leader Rahul Gandhi has said that the people should not be shocked by the age of those arrested for creating and disseminating the bullybai app for auctioning Muslim women in the country and that the BJP has a lot of hate factories.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News