ബി.ജെ.പിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്; തടയിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബില്‍
കോൺഗ്രസ് വിട്ടുവരുന്ന നേതാക്കൾക്ക് പദവികൾ ഉറപ്പ് നൽകിയാണ് ബി.ജെ.പി സ്വീകരിക്കുന്നത്.
ഛത്തിസ്‍ഗഢ്: കൂടുതൽ കോൺഗ്രസ് നേതാക്കളെ ആകർഷിക്കാൻ ബി.ജെ.പി പഞ്ചാബിൽ തയ്യാറെക്കുന്നു. കോൺഗ്രസ് വിട്ടുവരുന്ന നേതാക്കൾക്ക് പദവികൾ ഉറപ്പ് നൽകിയാണ് സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ ശ്രമത്തിന് തടയിടാൻ രാഹുൽ ഗാന്ധി ഇന്ന് പഞ്ചാബിലെത്തും.
പി.സി.സി സീനിയർ വൈസ് പ്രസിഡന്‍റും എ.ഐ.സി.സി അംഗവുമായിരുന്ന ബർണാല കേവൽ ധില്ലൻ ശനിയാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശനം. ബി.ജെ.പിയിൽ ചേർന്ന് 24 മണിക്കൂറിനുള്ളിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ധില്ലന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ശനിയാഴ്ച നാല് മുൻ മന്ത്രിമാരാണ് ബി.ജെ.പിയിൽ ചേർന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 6.6% വോട്ട് മാത്രമാണ് പഞ്ചാബിൽ ബി.ജെ.പിക്ക് നേടാനായത്. 23% വോട്ട് കോൺഗ്രസിന്റെ അക്കൌണ്ടിലുണ്ട്. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിൽ നിന്നും നേതാക്കളെ അടർത്തി എടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്.
കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവലയുടെ വസതി രാഹുൽ ഗാന്ധി സന്ദർശിക്കും. ചെറുപ്പക്കാർക്ക് കടന്നു വരാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസെന്നു പഞ്ചാബിനെ ബോധ്യപ്പെടുത്തുക കൂടി യാത്രയുടെ ലക്ഷ്യമാണ്.