രാജസ്ഥാനില്‍ കോൺഗ്രസ് അധികാരത്തിൽ തുടരും, ജയമായിരിക്കും സ്ഥാനാർഥിത്വത്തിനുള്ള യോഗ്യത: അശോക് ഗെഹ്‍ലോട്ട്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കുമെന്ന് അറിയാത്ത ബി.ജെ.പി തെരഞ്ഞെടുപ്പിന് മുൻപ് പരാജയം സമ്മതിച്ചെന്ന് അശോക് ഗെഹ്‍ലോട്ട്
ജയ്പൂര്‍: രാജസ്ഥാനിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ ഊർജിതമാക്കി കോൺഗ്രസ്. കോൺഗ്രസ് അധികാരത്തിൽ തുടരുമെന്നും ജയമായിരിക്കും സ്ഥാനാർഥിത്വത്തിനുള്ള യോഗ്യതയെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഊർജിതമാക്കിയത്. നിരീക്ഷക സമിതി ഈ മാസം 28ന് ആരംഭിക്കുന്ന യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ജയ്പൂരിലെ വാർ റൂമിൽ നടന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അശോക് ഗെഹ്ലോട്ട് ബി.ജെ.പിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കുമെന്ന് അറിയാത്ത ബി.ജെ.പി തെരഞ്ഞെടുപ്പിന് മുൻപ് പരാജയം സമ്മതിച്ചെന്ന് അശോക് ഗെഹ്ലോട്ട് വിമർശിച്ചു.
"തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം ജനങ്ങളുടെ ആവശ്യമായ വെള്ളം, റോഡ് തുടങ്ങിയ വിഷയങ്ങളിൽ ആര് ഇരുന്ന് തീരുമാനം എടുക്കും എന്ന് ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനിയും പ്രധാനമന്ത്രിയുടെ മുഖം പ്രദർശിപ്പിച്ച് വിജയിക്കാം എന്നാണ് ബി.ജെ.പി കരുതുന്നത് എങ്കിൽ അവർ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരാജയം സമ്മതിച്ചു"- ഗെഹ്‍ലോട്ട് പറഞ്ഞു.
അതിനിടെ വിഭാഗീയത നേരിടുന്ന ബി.ജെ.പി, മുഖ്യമന്ത്രി സ്ഥാനാര്‍ഥി സംബന്ധിച്ച് തീരുമാനം എടുക്കാനാകാത്ത സ്ഥിതിയിലാണുള്ളത്. രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സി.പി ജോഷിയും വസുന്ധര രാജെ സിന്ധ്യയുമായി തുടരുന്ന അഭിപ്രായ ഭിന്നതയാണ് പാർട്ടി രാജസ്ഥാനിൽ നേരിടുന്ന വെല്ലുവിളി. കേന്ദ്ര നേതൃത്വത്തിനും മുൻ മുഖ്യമന്ത്രിയില്‍ വലിയ താല്പര്യം ഇല്ലെങ്കിലും മറ്റ് മാർഗങ്ങളും രാജസ്ഥാനിൽ ബി.ജെ.പിക്ക് ഇല്ല. സ്ഥാനാർഥി നിർണയത്തിന് മുൻപ് സച്ചിൻ പൈലറ്റിന്‍റെ ഭാഗത്ത് നിന്നുള്ള വിമത സ്വരം ഇല്ലാതാക്കുക എന്ന വെല്ലുവിളി കോൺഗ്രസിനും ഉണ്ട്.