പലതവണ മർദിച്ചു, പട്ടിണിക്കിട്ടു, ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പു വെപ്പിച്ചു; സ്വർണക്കടത്ത് കേസിൽ അന്വേഷണസംഘത്തിനെതിരെ രന്യ റാവു
കള്ളക്കേസിൽ കുടുക്കിയതായി ചൂണ്ടിക്കാട്ടി ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിലാണ് രന്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
ബെംഗളൂരു: അന്വേഷണസംഘത്തിനെതിരെ ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ തന്നെ പലതവണ മർദിച്ചുവെന്നും ജയിലിൽ ഉറക്കവും ഭക്ഷണവും നിഷേധിച്ചുവെന്നും രന്യ ആരോപിച്ചു. ബ്ലാങ്ക് പേപ്പറിൽ ഒപ്പു വെപ്പിച്ചു എന്നും ആരോപണം ഉണ്ട്. കള്ളക്കേസിൽ കുടുക്കിയതായി ചൂണ്ടിക്കാട്ടി ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിലാണ് രന്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേന അയച്ച കത്തിൽ, വിമാനത്തിനുള്ളിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്തതായും വിശദീകരണം നൽകാൻ അവസരം നൽകാതെ ഡിആർഐ കസ്റ്റഡിയിലെടുത്തതായും രന്യ പറയുന്നു. താൻ നിരപരാധിയാണ്. ആവർത്തിച്ച് മർദിച്ചെങ്കിലും ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചു. എന്നാൽ ഒടുവിൽ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി നൂറിലധികം പേപ്പറുകളിൽ ഒപ്പിടേണ്ടി വന്നുവെന്നും കത്തിൽ പറയുന്നു. തന്റെ പിതാവിന് കേസിൽ പങ്കില്ലെന്നും നടി പറഞ്ഞു.
അറസ്റ്റിന് ദിവസങ്ങൾക്ക് ശേഷം പുറത്തുവന്ന ഒരു ചിത്രത്തിൽ രന്യയുടെ കണ്ണുകൾക്ക് ചുറ്റും മർദനമേറ്റത് പോലെയുള്ള പാടുകൾ ഉണ്ടായിരുന്നു. സ്വർണക്കടത്ത് കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രന്യയുടെ കത്ത് പുറത്ത് വന്നത്. മൂന്ന് ദിവസം ഡിആർഐ കസ്റ്റഡിയിലായിരുന്ന രന്യയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഈ മാസം 5 ആം തിയ്യതിയാണ് കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. 15 ദിവസത്തിനിടെ നാല് തവണ ദുബായ് യാത്ര നടത്തിയതിനെ തുടര്‍ന്ന് രന്യ കുറച്ച് മാസങ്ങളായി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ രന്യയുടെ കൈയില്‍ നിന്നും 14.8 കിലോഗ്രാം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 12 കോടിയോളം രൂപ വില വരും.