'ഫോണിൽ സന്ദേശം ലഭിച്ചു'; പെഗാസസ് ചോർത്തൽ ആരോപിച്ച് മെഹബൂബ മുഫ്തിയുടെ മകൾ
നാണംക്കെട്ട രീതിയിൽ ബിജെപി സ്ത്രീകളെ കബളിപ്പിക്കുകയാണെന്നും ഇൽതിജ മുഫ്തി
ശ്രിനഗർ: തന്റെ ഫോൺ പെഗാസസ് സ്‌പൈവെയർ ഹാക്ക് ചെയ്തതായി ആരോപിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകളും മാധ്യമ ഉപദേഷ്ടാവുമായ ഇൽതിജ മുഫ്തി രംഗത്ത്. 'എന്റെ ഫോൺ പെഗാസസ് ഹാക്ക് ചെയ്തതായി ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചു, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും നിശബ്ദരാക്കാൻ കേന്ദ്രസർക്കാർ പെഗാസസിനെ ആയുധമാക്കുകയാണ്' ഇൽതിജ മുഫ്തി എക്സിലെ പോസ്റ്റിൽ എഴുതി.
ബി.ജെ.പി.യെയും ഇൽതിജ രൂക്ഷമായി വിമർശിച്ചു. അവർക്കെതിരായി നിൽക്കുന്ന സ്ത്രീകളെയും വനിതാ നേതാക്കളേയും ഒളിഞ്ഞുനോക്കുകയാണെന്നും ബിജെപി നാണംക്കെട്ട രീതിയിൽ സ്ത്രീകളെ കബളിപ്പിക്കുകയാണെന്നും ഇൽതിജ മുഫ്തി എക്‌സിൽ കുറിച്ചു. നിങ്ങൾ എത്ര താഴ്ന്നുപോകും? ഇൽതിജ മുഫ്തി കൂട്ടിച്ചേർത്തു. മുഫ്തി തന്റെ പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്യുകയും ഐഫോൺ ടെക്സ്റ്റ് അലേർട്ടിന്റെ സ്‌ക്രീൻഷോട്ടുകൾ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മുതിർന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ പെഗാസസ് സ്‌പൈവെയർ ഉപയോഗിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ഡിസംബറിൽ, ആംനസ്റ്റി ഇന്റർനാഷണലിന്റെയും വാഷിംഗ്ടൺ പോസ്റ്റിന്റെയും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ, ഫോട്ടോകൾ, ലൊക്കേഷനുകൾ ട്രാക്ക് ചെയ്യൽ, കോളുകൾ ചോർത്തൽ എന്നിവയിലൂടെ വിവരങ്ങൾ ചോർത്താൻ ഈ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ.
ഇസ്രായേൽ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസ് ചാരസോഫ്റ്റ് വെയർ വാട്ട്സ്ആപ്പിൽ ഒരു മിസ് കോൾ നൽകി മൊബൈൽ ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കും. പിന്നീട് ഫോണിലെ വ്യക്തി വിവരങ്ങൾ ചോർത്തും. ഫോൺ ഉപയോഗിക്കുന്നവരുടെ എല്ലാ സ്വകാര്യതയിലേക്കും കടന്നുകയറാനും പെഗാസസിനു കഴിയുമെന്ന് നേരത്തെ വാദങ്ങൾ ഉയർന്നിരുന്നു. പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണും ചോർത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പടെയുളള നേതാക്കളും മുമ്പ് രംഗത്തുവന്നിരുന്നു.
ഇസ്രായേലി സൈബർ-ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പാണ് പെഗാസസ് സ്‌പൈവെയർ വികസിപ്പിച്ചെടുത്തത്, ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഏത് ഉപകരണത്തിലും പെ?ഗാസസ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.