രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാം: നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾക്ക് പരിചയപ്പെടുത്തും.
ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താൻ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവർത്തനം രാഷ്ട്രീയ പാർട്ടികൾക്ക് പരിചയപ്പെടുത്തും.
72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. നിലവിൽ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി മറ്റ് സ്ഥലങ്ങളില്‍ പോയവര്‍ക്ക് പലപ്പോഴും വോട്ട് രേഖപ്പെടുത്താന്‍ കഴിയാറില്ല. നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ വോട്ടിങ് യന്ത്രം പരിഷ്കരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയാൽ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പട്ടിക ഉൾപ്പെടുത്തിയ വോട്ടിങ് യന്ത്രം നിലവിൽ താമസിക്കുന്ന സംസ്ഥാനത്തെ പോളിങ് ബൂത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
"2019ലെ പൊതുതെരഞ്ഞെടുപ്പിൽ 67.4 ശതമാനം പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതിൽ ആശങ്കയുണ്ട്"- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
എന്നാൽ രാഷ്ട്രീയ പാർട്ടികൾ വോട്ടിങ് മെഷീനിൽ ക്രമക്കേട് ആരോപിക്കുന്ന സാഹചര്യത്തിൽ അവരെ കൂടി വിശ്വാസത്തിലെടുത്തേ പരിഷ്കാരം നടപ്പാക്കാൻ കഴിയൂ. യന്ത്രത്തിൻ്റെ പ്രവർത്തനം ബോധ്യപ്പെടുത്തുന്നതിനായാണ് ജനുവരി 16ന് രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിച്ചത്. ത്രിപുര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ സംവിധാനത്തെ പ്രതിപക്ഷ പാർട്ടികൾ എതിർത്തേക്കാം.