ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത; വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ വി.എം വേലുമണി, എസ്. സൗന്തർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്

Update: 2022-07-15 07:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭാര്യ താലി(മംഗല്യസൂത്ര) അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി. ഇതു ചൂണ്ടിക്കാട്ടി പുരുഷന് കോടതി വിവാഹമോചനം അനുവദിച്ചു.

ഇ റോഡിലെ ഒരു മെഡിക്കൽ കോളേജിൽ പ്രൊഫസറായി ജോലി ചെയ്യുന്ന സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ വി.എം വേലുമണി, എസ്. സൗന്തർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 2016 ജൂണ്‍ 15ന് കുടുംബ കോടതി വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിന്‍ മേലാണ് ശിവകുമാറിന് അനുകൂലമായ വിധി ലഭിച്ചത്. എന്നാല്‍ വേര്‍പിരിയുന്ന സമയത്ത് താന്‍ മാലയാണ് അഴിച്ചുമാറ്റിയതെന്നും താലി മാറ്റിയില്ലെന്നും യുവതി പറഞ്ഞു.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പരാമർശിച്ചുകൊണ്ട് താലി കെട്ടേണ്ട ആവശ്യമില്ലെന്നും അതിനാൽ ഭാര്യ അത് നീക്കം ചെയ്യുന്നത് ശരിയാണെന്ന് കരുതിയാൽ പോലും ദാമ്പത്യ ബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വിവാഹച്ചടങ്ങുകളില്‍ താലി കെട്ടുന്നത് ഒഴിവാക്കാനാവാത്ത എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ''ലഭ്യമായ രേഖകളില്‍ ഹരജിക്കാരി താലി ഊരിമാറ്റിയതായി കാണുന്നു. പിന്നീട് ബാങ്ക് ലോക്കറിലാണ് അതു സൂക്ഷിച്ചുവച്ചത്. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീ ഒരു ഘട്ടത്തില്‍ പോലും താലി അഴിച്ചുവയ്ക്കില്ലെന്ന് അറിയപ്പെടുന്ന വസ്തുതയാണ്'' ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു സ്ത്രീയുടെ കഴുത്തിലെ താലി വിവാഹ ജീവിതത്തിന്‍റെ തുടർച്ചയെ പ്രതീകപ്പെടുത്തുന്ന ഒരു വിശുദ്ധ വസ്തുവാണ്. അത് ഭർത്താവിന്‍റെ മരണശേഷം മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ. അതിനാൽ ഭാര്യ അത് നീക്കം ചെയ്യുന്നത് മാനസിക ക്രൂരതയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണെന്ന് പറയാം, കാരണം അത് വേദനയുണ്ടാക്കുകയും പ്രതിയുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും. അതേ അളവുകോൽ പ്രയോഗിച്ച്, താലിമാല നീക്കംചെയ്യുന്നത് പലപ്പോഴും ആചാരവിരുദ്ധമായ പ്രവൃത്തിയായി കണക്കാക്കുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

2011 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇക്കാലയളവിലൊന്നും അനുരഞ്ജനശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. ഭര്‍ത്താവിനെതിരെ യുവതി അവിഹിത ബന്ധവും ആരോപിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ ഭര്‍ത്താവിനെ അങ്ങേയറ്റം അപമാനിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News