'ആശ്രമത്തിൽ പോയവരെ കാണാനില്ല, ലൈംഗിക പീഡനത്തിനിരയായി കുട്ടികൾ; ദുരൂഹതയുണർത്തി ശ്മശാനം'-ഇഷാ ഫൗണ്ടേഷനെതിരെ പൊലീസ് റിപ്പോർട്ട്

കുട്ടികളെ പുലർച്ചെ മൂന്നിന് വിളിച്ചുണർത്തി കൊടുംതണുപ്പിൽ കുളിക്കാനും അര്‍ധനഗ്നരായി ധ്യാനമിരിക്കാനും നിർബന്ധിക്കുന്നതായും മാതാപിതാക്കൾ ആരോപിക്കുന്നു

Update: 2024-10-18 10:39 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: യോഗ ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷൻ ആശ്രമത്തെ കുറിച്ച് ഗുരുതരമായ കണ്ടെത്തലുമായി പൊലീസ്. ആശ്രമത്തിലെത്തിയ ചിലരെ കാണാതാകുകയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയും ചെയ്തതുൾപ്പെടെയുള്ള കണ്ടെത്തലുകളുമായി കോയമ്പത്തൂർ പൊലീസ് സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതിനിടെ, ആശ്രമത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിനിരയായതായി ആരോപണവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഇഷ ഫൗണ്ടേഷന്റെ കോയമ്പത്തൂരിലെ ആശ്രമത്തിനെതിരെ ഉയർന്ന പരാതികളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനും ഇഷ കാംപസിൽ തമിഴ്‌നാട് പൊലീസ് വിശദമായ പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് കോയമ്പത്തൂർ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികേയൻ 23 പേജുള്ള വിശദമായ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കാണാതായവരെത്ര! ആത്മഹത്യ ചെയ്തവരെത്ര!

കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇഷാ ഫൗണ്ടേഷൻ ആശ്രമത്തിലെത്തിയ ആറുപേരെ കാണാതായതായി ആലന്തുരൈ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ അഞ്ചു കേസും തുടർനടപടിയില്ലാതെ തീർപ്പാക്കുകയായിരുന്നുവെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. ഒരു കേസ് ഇനിയും തീർപ്പാക്കിയിട്ടില്ല.

ആശ്രമത്തിനകത്ത് ഒരു ശ്മശാനം കണ്ടെത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. തിരോധാനക്കേസുകളിൽ കൂടുതൽ ദുരൂഹതയുണർത്തുന്നതാണ് ഇത്. ശ്മശാനം നിർമിച്ചതിനെതിരെ ആശ്രമത്തിന്റെ പരിസരവാസി നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശ്മശാനം നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. ഈ പരാതിയിൽ കേസ് ഇപ്പോഴും കോടതിക്കു മുന്നിലുണ്ട്. ശ്മശാനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായാണു വിവരം.

തിരോധാനക്കേസുകൾക്കു പുറമെ ഗുരുതരമായ ആരോഗ്യ വിഷയങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇഷാ ഫൗൺേഷൻ ആശുപത്രിയിൽ കാലാവധി തീർന്ന മരുന്നുകളാണ് അന്തേവാസികളായ രോഗികൾക്കു നൽകുന്നതെന്നാണു കണ്ടെത്തൽ. കാലാവധി തീർന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ, യോഗ്യത പോലുമില്ലാത്തവരാണ് എക്‌സ്-റേ ഉൾപ്പെടെയുള്ള സംഗതികൾ ആശുപത്രിയിൽ ചെയ്യുന്നതെന്നും കണ്ടെത്തലുണ്ട്.

ക്രിമിനൽചട്ടം 174 വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത ഏഴ് ആത്മഹത്യാ കേസുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ രണ്ടു കേസുകളിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇവയിൽ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുകയാണ്.

ഇഷ ഔട്ട്‌റീച്ച് നിയമിച്ച ഒരു ഡോക്ടർക്കെതിരെ പോക്‌സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളും നിലനിൽക്കുന്നുണ്ട്. 2021ൽ യോഗ കേന്ദ്രത്തിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പെൺകുട്ടി പരാതി നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടി പിന്നീട് പരാതി പിൻവലിച്ചെങ്കിലും കേസിൽ തുടർനടപടികൾക്കൊരുങ്ങുകയാണ് പൊലീസ്.

'കുട്ടികൾ പീഡനത്തിനിരയായി'; പരാതികളുമായി മാതാപിതാക്കൾ

ഇഷാ ആശ്രമത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിനിരയാകുന്നതായുള്ള ആരോപണവുമായി ഏതാനും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മകനെ ഇഷാ ഫൗണ്ടേഷനിലെ ഒരു വിദ്യാർഥി പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ഹൈദരാബാദ് പ്രസ് ക്ലബിൽ മാതാപിതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

കോവിഡ് കാലത്താണ് ഇത്തരമൊരു സംഭവമുണ്ടായത്. വീട്ടിലെ മുറിയിൽ ക്ലീനിങ് ചെയ്യുന്നതിനിടെയാണു പീഡനവിവരങ്ങൾ വെളിപ്പെടുത്തുന്ന മകന്റെ കുറിപ്പുകൾ കണ്ടെത്തിയതെന്നാണ് ഇവർ വെളിപ്പെടുത്തിയതെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ തോന്നുന്നതായും മകൻ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫൗണ്ടേഷന് നിരവധി തവണ ഇ-മെയിൽ അയച്ചു. എന്നാൽ, ഡിജിറ്റൽ തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടി വാട്‌സ്ആപ്പ് കോളുകളിലൂടെയായിരുന്ന ഫൗണ്ടേഷൻ വൃത്തങ്ങൾ പ്രതികരിച്ചത്. കുറ്റാരോപിതനായ കുട്ടി 'ഉയർന്ന കുടുംബത്തിൽ' ഉള്ളയാളാണെന്നു പറഞ്ഞു കേസിൽനിന്നു പിന്മാറാൻ സമ്മർദം ചെലുത്തുകയായിരുന്നു ഇവർ ചെയ്തതെന്നും മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.

ആശ്രമത്തിലെ സാഹചര്യങ്ങൾ അറിയാനായി കഴിഞ്ഞ ജൂൺ വരെ ഇവിടെ പൊളിറ്റിക്കൽ സയൻസ് അധ്യാപികയായും പ്രവർത്തിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. ഇക്കാലയളവിൽ അറിഞ്ഞ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണു പരസ്യമായി രംഗത്തുവരാൻ തീരുമാനിച്ചതെന്ന് ഇവർ പറയുന്നു. പല സംഭവങ്ങളിലും താൻ ഇരയും സാക്ഷിയുമാണെന്നും മാതാവ് പറയുന്നുണ്ട്. ജഗ്ഗി വാസുദേവ് നല്ല മനുഷ്യനാണെന്ന പരിഗണനയിൽ സംശയത്തിന്റെ ആനുകൂല്യം വച്ചാണ് ആദ്യം കേസിനു പോകാതിരുന്നത്. എന്നാൽ, വീണ്ടും കുട്ടികളെ കാണാതാകുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തതുൾപ്പെടെയുള്ള കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു.


കുട്ടികളെ പുലർച്ചെ മൂന്നിന് വിളിച്ചുണർത്തി തണുത്ത വെള്ളത്തിൽ കുളിക്കാനും തുടർന്ന് പാതിവസ്ത്രത്തിൽ ധ്യാനമിരിക്കാനും നിർബന്ധിക്കുന്നതായും ഇവർ ആരോപിക്കുന്നുണ്ട്. കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ഇതു തുടരുക തന്നെയായിരുന്നു ചെയ്തത്. ഇവിടെ നടക്കുന്ന കാര്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇഷാ ഫൗണ്ടേഷനിലെ തന്നെ ജീവനക്കാർ ജഗ്ഗി വാസുദേവിന് അയച്ച നിരവധി ഇ-മെയിലുകളുടെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും കൈയിലുള്ള തെളിവുകളുമായി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇവർ വ്യക്തമാക്കി.

കോയമ്പത്തൂരിലെ ആശ്രമത്തിൽ തങ്ങളുടെ മകൾ പീഡനത്തിനിരയായെന്ന പരാതിയുമായി ഒരു ഏഴു വയസുകാരിയുടെ അമ്മയും രംഗത്തെത്തിയിട്ടുണ്ട്. ജഗ്ഗി ദൈവമാണെന്നും അദ്ദേഹത്തെക്കുറിച്ച് തങ്ങൾക്ക് സംശയമൊന്നുമില്ലെന്നു പറയുമ്പോഴും കോയമ്പത്തൂരിലെ ഇഷാ ആശ്രമത്തിൽ നടക്കുന്ന കാര്യങ്ങളൊന്നും ഒട്ടും ആശ്വാസ്യകരമല്ലെന്ന് ഇവർ വ്യക്തമാക്കുന്നുണ്ട്. ആശ്രമത്തിൽ ലൈംഗിക പീഡനത്തിനിരയായ നിരവധി കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ മാത്രമാണ് താനെന്നും ഇവർ പറയുന്നു.

ഫൗണ്ടേഷൻ വിശദീകരണവും സുപ്രിംകോടതിയുടെ ആശ്വാസവിധിയും

ആശ്രമത്തിലുള്ളവരെല്ലാം സ്വയംസന്നദ്ധരായി എത്തുന്നവരാണെന്നാണ് ഇഷാ ഫൗണ്ടേഷൻ നൽകുന്ന വിശദീകരണം. ആശ്രമത്തിൽ ആരെയും പിടിച്ചുവയ്ക്കുന്നില്ലെന്നും പുറത്തുപോകാനും ബന്ധുക്കളെയെല്ലാം കാണാനും സ്വാതന്ത്ര്യമുണ്ടെന്നും നിരവധി പേർ വ്യക്തമാക്കിയതാണെന്നും ഇവർ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബന്ധപ്പെട്ട 500ലേറെ പേരും ഇക്കാര്യം സ്ഥിരീകരിച്ചതായും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ, മക്കളെ തടഞ്ഞുവച്ചെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി നൽകിയ ഹേബിയസ് കോർപസ് ഹരജി ഇന്ന് സുപ്രിംകോടതി തള്ളിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ജസ്റ്റിസുമായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവർ ഉൾപ്പെട്ട് സുപ്രിംകോടതി ബെഞ്ചാണ് ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് ആശ്വാസകരമായ വിധി നൽകിയത്. തമിഴ്‌നാട് സ്വദേശിയായ ഡോ. എസ്. കാമരാജ് ആണ് മക്കളായ ഗീത(42), ലത(39) എന്നിവരെ കോയമ്പത്തൂരിലെ ഇഷാ ആശ്രമത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവരെ കോടതിക്കുമുന്നിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഹേബിയസ് കോർപസ് സമർപ്പിച്ചത്. എന്നാൽ, ഇവർ പ്രായപൂർത്തിയായവരാണെന്നും സ്വയം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ കഴിയുന്നതെന്നു വ്യക്തമാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി തീർപ്പാക്കിയത്.

2024 ഒക്ടോബർ ഒന്നിലെ കണക്കു പ്രകാരം 217 ബ്രഹ്‌മചാരികൾ കോയമ്പത്തൂരിലെ ഇഷാ ആശ്രമത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്. ഇതിനു പുറമെ 2,455 സന്നദ്ധസേവകരും ശമ്പളം പറ്റുന്ന 891 ജീവനക്കാരുമുണ്ട് ഇവിടെ. ഇവരെ ആരെയും ആശ്രമത്തിനകത്ത് തടഞ്ഞുവയ്ക്കുകയോ പുറത്തിറക്കാൻ അനുവദിക്കാതെ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും ഫൗണ്ടേഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Summary: 'Many are missing in ashram, crematorium on the campus is mysterious, children are being sexually abused', Tamil Nadu Police submits report to the Supreme Court against Sadhguru Jaggi Vasudev's Isha Foundation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News