സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും കൈയിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു
ആഗസ്റ്റ് 12ന് പടിഞ്ഞാറൻ ന്യൂയോർക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽവെച്ചാണ് റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്.
ന്യൂയോർക്ക്: ആഗസ്റ്റ് 12ന് ന്യൂയോർക്കിൽ ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയിന്റെ ചലനശേഷിയും നഷ്ടമായി. റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രം എൽ പെയ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
''സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിന് മാരകമായ മൂന്ന് കുത്തുകളും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തുകളുണ്ടായിരുന്നു''-ആൻഡ്ര്യൂ വൈലി പറഞ്ഞു. റുഷ്ദി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണോ എന്നത് സംബന്ധിച്ച് പ്രതികരിക്കാൻ വൈലി തയ്യാറായില്ല.
പടിഞ്ഞാറൻ ന്യൂയോർക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽവെച്ചാണ് റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്. സാഹിത്യ പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കവെ ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ താമസിച്ചിരുന്ന ഹാദി മാതർ എന്നയാൾ കത്തിയുമായി വേദിയിലെത്തി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. പ്രഥമശുശ്രൂഷക്ക് ശേഷം ഹെലികോപ്ടറിലാണ് 75കാരനെ പെൻസിൽവാനിയയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമിയെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് പിടികൂടിയിരുന്നു.