ചെറിയ നേതാക്കൾ ചെറിയ കള്ളം പറയും, വലിയവർ വലുതും; ബിജെപി നുണയന്മാരുടെ പാർട്ടി: അഖിലേഷ് യാദവ്

സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ വൻ പോളിങ് ബിജെപിക്കെതിരെയുള്ള മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു

Update: 2022-02-13 04:05 GMT
Advertising

ചെറിയ നേതാക്കൾ ചെറിയ കള്ളവും വലിയ നേതാക്കൾ വമ്പൻ കള്ളവും പറയുന്ന നുണയന്മാരുടെ പാർട്ടിയാണ് ബിജെപിയെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡൻറ് അഖിലേഷ് യാദവ്. ശനിയാഴ്ച ഉത്തർപ്രദേശ് ബദായൂനിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് അഖിലേഷിന്റെ വിമർശനം. സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലെ വൻ പോളിങ് ബിജെപിക്കെതിരെയുള്ള മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്നും ബദായൂനിൽ അവർക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന അഖിലേഷ് അവകാശപ്പെട്ടു. ഫെബ്രുവരി 14നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. സഹാറൻപൂർ, ബിജ്‌നോർ, അമ്‌റോഹ, സാംഭൽ, മൊറാദാബാദ്, രാംപൂർ, ബറേലി, ബുദൗൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിലായി 55 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടിങ് നടക്കുന്നത്.

യുപിയിലെ 55 നിയോജക മണ്ഡലങ്ങളിലും, ഗോവ-ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വോട്ടെടുപ്പ് നടത്തേണ്ടതിനാൽ മുൻകാലത്തെ അപേക്ഷിച്ചു, പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ കൊട്ടിക്കലാശത്തിനു നേതൃത്വം നൽകിയിരുന്നു. കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾ റോഡിൽ അലയേണ്ടി വന്നതിനെക്കുറിച്ചാണ് പ്രിയങ്ക ഇന്നലെ ഓർമിപ്പിച്ചത്.

അതിനിടെ, ഉത്തർപ്രദേശിൽ അംരോഹ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പാർട്ടി വിട്ടു സമാജ് വാദിയിൽ ചേർന്നിരുന്നു. ഈ ആഴ്ച രണ്ടാമത്തെ സ്ഥാനാർഥിയാണ് കോൺഗ്രസ് വിട്ടുപോകുന്നത്. ഒമ്പതു ജില്ലകളിലായി 586 സ്ഥാനാർഥികളാണ് യുപിയിൽ രണ്ടാം ഘട്ടത്തിൽ അങ്കത്തിനു ഇറങ്ങിയിരിക്കുന്നത്. ബിജപിയെ പരാജയപ്പെടുത്താൻ കർഷക സംഘടനകൾ മിഷൻ യുപി പ്രഖ്യാപിച്ച വേളയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കർഷകർക്കും ഒരു പരിധിവരെ ജാട്ട് സമുദായത്തിനും മേൽക്കൈയുള്ള പ്രദേശത്താണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

Samajwadi Party president Akhilesh Yadav has said that the BJP is a party of liars where small leaders tell small lies and big leaders tell big lies.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News