'കൊടും കുറ്റവാളി മന്ത്രിയുടെ കാൽ മസാജ് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു'; ആം ആദ്മി നേതാവിനെതിരെ വനിതാകമ്മീഷന് കത്തയച്ച് ബി.ജെ.പി
ജയിലിനുള്ളിൽ വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന വീഡിയോയും ബി.ജെ.പി പുറത്തുവിട്ടിരുന്നു
ന്യൂഡൽഹി: ആം ആദ്‍മി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലിൽ പോക്‌സോ കേസ് വിചാരണത്തടവുകാരൻ മസാജ് ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഈ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാളിന് കത്തെഴുതി ബിജെപി വക്താവ് പ്രവീൺ ശങ്കർ.
ഒരു കൊടും കുറ്റവാളി മന്ത്രിയുമായി ബന്ധപ്പെടുന്നതും അദ്ദേഹത്തെ സേവിക്കുന്നതും വളരെ ആശങ്കാജനകമാണ്. അത്തരമൊരു സാഹചര്യത്തിൽ ജയിൽ ഭരണകൂടം ഈ കുറ്റവാളിക്ക് ഇളവുകളും സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് അനുമാനിക്കാമെന്നും കത്തിൽ പറയുന്നു. ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അവളുടെ കുടുംബവും എത്രത്തോളം ഭയപ്പെടുന്നുണ്ടാകും. സ്വാഭാവികമാണെന്നും അവരുടെ സുരക്ഷയെക്കുറിച്ച് അവർ ആശങ്കാകുലരാണെന്നും കത്തിൽ പറയുന്നു. ബലാത്സംഗക്കേസ് പ്രതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച ജെയിനിനെക്കുറിച്ച് ജയിൽ ഭരണകൂടത്തോട് റിപ്പോർട്ട് തേടാനും കുറ്റക്കാരനും മന്ത്രിക്കുമെതിരെ ഉചിതമായ നടപടിഎടുക്കാൻ ആവശ്യപ്പെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ജയിലിനുള്ളിൽ വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന വീഡിയോയും ബി.ജെ.പി പുറത്തുവിട്ടിരുന്നു. ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോയിൽ, ജെയിൻ വിഭവസമൃദ്ധമായ ഭക്ഷണവും സലാഡുകളും മറ്റും കഴിക്കുന്നതായി കാണാം. കുടിവെള്ള കുപ്പികളും അദ്ദേഹത്തിന്റെ മുറിയിൽ കാണാം. തന്റെ മതവിശ്വാസപ്രകാരം തിഹാർ ജയിലിനുള്ളിൽ ഫ്രൂട്ട് സാലഡ് ഭക്ഷണക്രമം വേണമെന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിന്റെ ഹരജിയിൽ റൂസ് അവന്യൂ കോടതി തിഹാർ ജയിൽ അധികൃതരോട് പ്രതികരണം തേടിയതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.