'മുത്തച്ഛനെ അപമാനിച്ചു, കേസെടുക്കണം'; രാഹുലിനെതിരെ സവർക്കറുടെ കൊച്ചുമകന്റെ പരാതി
താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ യാചിക്കുന്നുവെന്ന വി.ഡി സവർക്കറുടെ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു
മുംബൈ: തന്റെ മുത്തച്ഛനായ വി.ഡി സവർക്കറിനെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സവർക്കറുടെ കൊച്ചുമകന്റെ പരാതി. രഞ്ജിത് സവർക്കറാണ് ശിവാജി പാർക്ക് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. മഹാരാഷ്ട്ര കോൺഗ്രസ് തലവൻ നാന പട്ടോളക്കെതിരെയും ഇത്തരം പ്രസ്താവനകൾ നടത്തിയതിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയിൽ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ യാചിക്കുന്നുവെന്ന വി.ഡി സവർക്കറുടെ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ അകോളയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ കത്ത് പ്രദർശിപ്പിച്ചത്. ഇതെനിക്ക് വളരെ പ്രധാനപ്പെട്ട രേഖയാണെന്ന് പറഞ്ഞായിരുന്നു സവർക്കറിനെ വിമർശിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ഇടപെടൽ. 'സാർ, ഞാൻ അങ്ങയുടെ വിനീത സേവകനായി തുടരാൻ യാചിക്കുന്നു' ഇംഗ്ലീഷുകാർക്കായി സവർക്കർ എഴുതിയ കത്തിന്റെ അവസാന വരിയിലെ വാക്കുകൾ രാഹുൽ ഉദ്ധരിച്ചു.
ഈ കത്ത് ഫഡ്നവിസടക്കം ആർക്കും വായിച്ചുനോക്കാമെന്നും കത്തിലെ പ്രധാനഭാഗങ്ങൾ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. ഈ കത്ത് താനെഴുതിയതല്ലെന്നും സവർക്കർ എഴുതിയതാണെന്നും അദ്ദേഹം ഇംഗ്ലീഷുകാരെ സഹായിച്ചുവെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബ്രിട്ടീഷുകർക്ക് കത്തെഴുതി ഒപ്പിട്ട നൽകിയ സവർക്കറിന് അവരെ പേടിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ എന്നിവരൊക്കെ വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ടെന്നും എന്നാൽ അവരാരും ഇത്തരം കത്തെഴുതിയിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇത് രണ്ടുതരം ആശയങ്ങളാണെന്നും നമുക്ക് തുറന്ന ചർച്ചയാകാമെന്നും തങ്ങൾക്കിടയിൽ ഏകാധിപത്യ പ്രവണതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേനാ ഉദ്ധവ് ബാൽതാക്കറെ വിഭാഗം രാഹുലിന്റെ നിലപാടിനെതിരെ രംഗത്തെത്തി. 'ഞങ്ങൾ രാഹുൽ പറഞ്ഞതുമായി യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. എന്നാൽ ഈ സമയത്ത് തങ്ങളെ ചോദ്യം ചെയ്യുന്ന ബിജെപിയോട് ചോദിക്കാനുള്ളത് അവർ എന്തുകൊണ്ട് പിഡിപിയോടൊത്ത് ജമ്മുകശ്മീർ ഭരിച്ചുവെന്നാണ്' ഉദ്ദവ് താക്കറെ പറഞ്ഞു. 'പിഡിപി ഒരിക്കലും ഭാരത് മാതാ കീ ജയ് എന്ന് പറയില്ല' എന്നും കോൺഗ്രസിനും എൻസിപിക്കും ഒപ്പം മഹാരാഷ്ട്ര ഭരിച്ചതിലൂടെ പിതാവ് ബാൽ താക്കറെയുടെ ഹിന്ദുത്വ പാരമ്പര്യം ഉപേക്ഷിച്ചുവെന്ന് വിമർശിക്കപ്പെടുന്ന അദ്ദേഹം വ്യക്തമാക്കി. സവർക്കറോട് അതിയായ ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ് തങ്ങളെന്നും പറഞ്ഞു.
ബ്രിട്ടീഷുകാരിൽ നിന്ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് തങ്ങൾ കോൺഗ്രസുമായി ചേർന്നതെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി. 2019ൽ മഹാവികാസ് അഗാഡി രൂപവത്കരിച്ച ശേഷം പലപ്പോഴും ഇത്തരം വിവാദങ്ങൾ ഇരു പാർട്ടികൾക്കുമിടയിലുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ അകോളയിലെ രാഹുലിന്റെ വാർത്താസമ്മേളനമാണ് വിഷയം വീണ്ടും ചർച്ചയാക്കിയത്. ഇത്തരം ആശയങ്ങളുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർക്കതുമായി മുന്നോട്ട് പോകാമെന്നായിരുന്നു ശിവസേനാ വിമർശനത്തോടുള്ള രാഹുലിന്റെ പ്രതികരണം.
അതേസമയം, ഹിന്ദുമഹാസഭ നേതാവ് വി.ഡി സവർക്കറെ അപമാനിച്ചാൽ മഹാരാഷ്ട്രയിലെ ജനങ്ങൾ സഹിക്കില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. സവർക്കർ സ്മാരകത്തിൽ നടന്ന ഹിന്ദുത്വ സിമ്പോസിയത്തിൽ സംസാരിക്കവേയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാമെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും എന്നാൽ അധികാരത്തിനായി ദേശീയതയുടെ കാര്യത്തിൽ പ്രധാനമന്ത്രി ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഹിന്ദുത്വ എന്നാൽ ദേശീയതയാണെന്ന് സവർക്കർ പറഞ്ഞെന്നും ബാൽ താക്കറെ തന്റെ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും ഇത് കാണിച്ചുകൊടുത്തെന്നും ഷിൻഡെ വിശദീകരിച്ചു. ഇരുവരും ഹിന്ദുഹൃദയ സമ്രാട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അതുകൊണ്ടാണെന്നും ഷിൻഡെ പറഞ്ഞു.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ സവർക്കറെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ആൻഡമാനിലേക്ക് അയക്കുകയും ചെയ്തു. ഇത്തരം രാജ്യസ്നേഹികൾ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി തങ്ങളുടെ ജീവനും കുടുംബവും ത്യജിച്ചെന്ന് ഷിൻഡെ പറഞ്ഞു- 'ഈ സ്വാതന്ത്ര്യ സമര സേനാനികൾ കാലാകാലങ്ങളിൽ അപമാനിക്കപ്പെടുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ പാഠം പഠിപ്പിക്കും. വീർ സവർക്കറുടെ ത്യാഗങ്ങൾ ആർക്കും നിഷേധിക്കാനാവില്ല'.സവർക്കറെ അപമാനിക്കുമ്പോൾ ചിലർ മൃദു നിലപാട് സ്വീകരിക്കുകയാണെന്ന് ഉദ്ധവ് പക്ഷത്തെ ചൂണ്ടിക്കാട്ടി ഷിൻഡെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്നിരുന്നു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയെ രാഹുൽ ഗാന്ധി അപമാനിച്ചെന്നും മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്നും രാഹുൽ ഷെവാലെ എംപി ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രയിൽ ബെംഗളുരുവിൽ വെച്ചും ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ രാഹുൽ ആഞ്ഞടിച്ചിരുന്നു. ആർ.എസ്.എസിനും ബി.ജെ.പിക്കും സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ആർ.എസ്.എസ് നേതാക്കൾ ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തതെന്നും സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് കൈപ്പറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ കർണാടക തുംകൂറിലെ റാലിയോടനുബന്ധിച്ചുള്ള സമ്മേളനത്തിലായിരുന്നു വിമർശനം. സ്വാതന്ത്ര്യസമരത്തിലെ ബി.ജെ.പി, ആർ.എസ്.എസ് പങ്കിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.
'അക്കാലത്ത് ബിജെപി ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും അവർക്കില്ല. ഞാൻ മനസിലാക്കിയിടത്തോളം ആർഎസ്എസും സവർക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവർക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻഡ് വാങ്ങുകയും ചെയ്തിരുന്നു. അന്നെവിടെയും ബിജെപിയുടെ മുൻഗാമികൾ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്- രാഹുൽ പറഞ്ഞു.
അതിനിടെ, മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്രയിൽ ബോളിവുഡ് നടി റിയ സെൻ പങ്കുചേർന്നു. പാറ്റൂരിൽ നിന്ന് ആരംഭിച്ച യാത്രയിലാണ് നടിയും കൂടെചേർന്നത്. യാത്രയുടെ ചിത്രങ്ങൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. അനന്തഭദ്രം എന്ന സിനിമയിലൂടെയാണ് റിയ സെൻ മലയാളികൾക്ക് സുപരിചിതയാകുന്നത്.കലാഭവൻ മണിയുടെ സഹോദരി ഭാമയായി വേഷമിട്ടാണ് റിയാ സെൻ മലയാളികളുടെ പ്രിയങ്കരിയായത്. വിഷ്‌കന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് റിയയുടെ സിനിമാ അരങ്ങേറ്റം. പ്രശസ്ത ബോളിവുഡ് നടി മൂൺ മൂൺ സെന്നിന്റെ ഇളയ മകൾ കൂടിയാണ് റിയ.
നേരത്തെ ബോളിവുഡ് നടിയും സംവിധായകയുമായ പൂജാഭട്ടും ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു. യാത്ര ഹൈദരാബാദിൽ എത്തിയപ്പോഴാണ് പൂജ യാത്രക്കൊപ്പം അണി ചേർന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. 2023 ജനുവരി 23 ന് ഭാരത് ജോഡോ യാത്ര കശ്മീരിൽ സമാപിക്കും.
Savarkar's grandson has filed a complaint against Congress leader Rahul Gandhi for insulting his grandfather VD Savarkar.