''ദുർഗാപൂജാ റാലി തടഞ്ഞാൽ ഖബറിലേക്കയക്കും, വീടുകൾ തകർക്കും''; കൊലവിളിയുമായി യു.പി പൊലീസ് ഉദ്യോഗസ്ഥൻ

സുൽത്താൻപൂരിൽ ബൽദിരായ പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ കൊലവിളിപ്രസംഗം നടത്തിയത്.

Update: 2022-10-13 09:31 GMT
Advertising

ലഖ്‌നോ: ദൂർഗാപൂജാ റാലി തടയുന്നവരെ ഖബറിലേക്ക് അയക്കുമെന്നും അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ അലറിവിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥന്റെ ആഹ്വാനത്തെ തുടർന്ന് ജയ് ശ്രീറാം മുഴക്കുന്ന ആൾക്കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം. മക്തൂബ് മിഡിയ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബൽദിരായ പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ ആൾക്കൂട്ടത്തെ സാക്ഷിനിർത്തി പൊലീസ് ഉദ്യോഗസ്ഥൻ കൊലവിളിപ്രസംഗം നടത്തിയത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ദുർഗാപൂജാ നിമജ്ജന ഘോഷയാത്ര പള്ളിക്ക് സമീപമെത്തിയപ്പോൾ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിൽ ഒരു പൊലീസുകാരനടക്കം ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. റാലി പള്ളിക്ക് സമീപമെത്തിയപ്പോൾ കാവിത്തൊപ്പി ധരിച്ച നൂറുകണക്കിന് ആളുകൾ വാളുകൾ അടക്കമുള്ള ആയുധങ്ങൾ വീശി അക്രമം അഴിച്ചുവിടുകയായിരുന്നു. വാളുകൾ ഉയർത്തിപ്പിടിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സുൽത്താൻപൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 52 പ്രതികളിൽ 51 പേരും മുസ്‌ലിംകളാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 10 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News