അഞ്ജലിയുടെ കുടുംബത്തിന് തുണയായി ഷാരൂഖ് ഖാന്‍റെ മീർ ഫൗണ്ടേഷൻ

കഴിഞ്ഞ ദിവസം നിർഭയയുടെ അമ്മ അഞ്ജലിയുടെ കുടുംബത്തിനെ സന്ദർശിച്ചിരുന്നു

Update: 2023-01-08 08:10 GMT
Advertising

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ രാജ്യം ഞെട്ടലോടെ കേട്ട വാർത്തയാണ് പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തി 12 കി.മീറ്ററോളം മൃതദേഹം വലിച്ചിഴച്ചത്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ജലി സിംഗ് എന്ന ഇരുപതുകാരിയായിരുന്നു ഈ കൊടും ക്രൂരതയുടെ ഇര. അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷൻ. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഞ്ജലി. അഞ്ജലിയുടെ അഭാവത്തിൽ കുടുംബത്തെ സംരക്ഷിക്കാനാണ് മീർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ഷാരൂഖ് ഖാന്‍റെ പിതാവായ മീർ താജ് മുഹമ്മദ് ഖാന്‍റെ പേരിൽ സ്ഥാപിച്ച മീർ ഫൗണ്ടേഷൻ മുൻകാലങ്ങളിലും പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിച്ചിട്ടുണ്ട്. അഞ്ജലിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നിർഭയയുടെ അമ്മ അഞ്ജലിയുടെ കുടുംബത്തിനെ സന്ദർശിച്ചിരുന്നു.

ഇവന്‍റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ജലി വീട്ടിലേക്ക് മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ സുൽത്താൻപുരിയിൽ വെച്ചായിരുന്നു അപകടം. വസ്ത്രങ്ങൾ വലിച്ചുകീറിയ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ 40 ലധികം പരിക്കുകൾ അഞ്ജലിയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. അഞ്ജലിയുടെ കൊലപാതകത്തിൽ ബി.ജെ.പി നേതാവ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ബി.ജെ.പി നേതാവ് മനോജ് മിത്തൽ (27), ദീപക് ഖന്ന (26), അമിത് ഖന്ന (25), ക്രിഷൻ (27), മിഥുൻ (26) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാറിടിച്ച് കൊന്ന ശേഷം സുൽത്താൻപുരി മുതൽ കാഞ്ജവാല വരെയാണ് കാറിൽ കെട്ടിവലിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News