ശരദ് പവാർ എൻസിപി എംപിമാർ ഒന്നാകെ അജിത് പക്ഷത്തേക്ക്? ഇൻഡ്യയ്ക്ക് തിരിച്ചടിയായി മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം
സുപ്രിയ സുലെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകുകയാണെങ്കിൽ മഹായുതിക്കൊപ്പം ചേരാൻ ശരദ് പവാറും ഒരുക്കമാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്
മുംബൈ: ഇൻഡ്യ സഖ്യത്തിന് തിരിച്ചടിയായി മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം. ശരദ് പവാർ എൻസിപിയിലെ എംപിമാർ ഒന്നാകെ അജിത് പവാർ പക്ഷത്തേക്ക് കൂടുമാറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. എട്ട് എംപിമാരും മറുകണ്ടം ചാടാൻ നീക്കം നടത്തുന്നതായി 'ദി ഫ്രീ പ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ പ്രകടനത്തിനു പിന്നാലെയാണ് ശരദ് പവാർ പക്ഷത്തെ നേതാക്കൾ കൂടുമാറ്റത്തിനൊരുങ്ങുന്നത്. എട്ട് എംപിമാർ അജിത് പവാറിനെ ബന്ധപ്പെട്ടതായാണു പുറത്തുവരുന്ന വിവരം. ഇവരുടെ പേരുവിവരങ്ങളോ വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. ബിജെപിയുടെ നിർദേശപ്രകാരം ശരദ് പവാർ പക്ഷത്തെ നേതാക്കളെ അടർത്തിമാറ്റാൻ അജിത് പവാർ നീക്കം നടത്തുന്നതായി അടുത്തിടെ മഹാവികാസ് അഘാഡിയിലെ ശിവസേന ഉദ്ദവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു.
അതേസമയം, ശരദ് പവാർ പക്ഷം ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനൊപ്പം ചേരാൻ നീക്കം നടത്തുന്നതായും അഭ്യൂഹമുണ്ട്. മകൾ സുപ്രിയ സുലെയ്ക്ക് കേന്ദ്രത്തിൽ മന്ത്രിസ്ഥാനം നൽകിയാൽ ബിജെപിയുമായി സഖ്യമാകാമെന്നാണ് ശരദ് പവാറിന്റെ നിലപാടെന്നാണ് 'ഫ്രീ പ്രസ്' റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ, ബാരാമതി എംപിയും ശരദ് പവാർ എൻസിപി നേതാവുമായ സുലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിനെ പ്രകീർത്തിച്ചു രംഗത്തെത്തിയിരുന്നു. പുതിയ സർക്കാരിൽ ഫഡ്‌നാവിസ് എന്ന ഒരൊറ്റയാളാണ് അത്യധ്വാനം ചെയ്യുന്നതെന്നും ബാക്കിയുള്ളവരൊന്നും ചിത്രത്തിലേ ഇല്ലെന്നുമായിരുന്നു അവർ പ്രശംസിച്ചത്. ഏകാഗ്രതയോടെ ഒരു മിഷൻ മോഡിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഫഡ്‌നാവിസ്. അതു നല്ല കാര്യമാണെന്നും അദ്ദേഹത്തിന് എല്ലാ നന്മയും നേരുന്നുവെന്നും സുപ്രിയ സുലെ ആശംസിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ അജിത് പവാർ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നങ്ങളെല്ലാം തീർന്ന് പവാർ കുടുംബം ഒന്നായി മാറാൻ ദൈവത്തോട് പ്രാർഥിച്ചതായി അടുത്തിടെ അജിതിന്റെ മാതാവ് വെളിപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ഇരു പാർട്ടികളും ഒന്നിക്കാൻ നീക്കം നടത്തുന്നതായാണ് ഇതിനു പിന്നാലെ വാർത്തകൾ പ്രചരിച്ചത്.
2023 ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ബിജെപി സഖ്യത്തിനൊപ്പം ചേരുന്നത്. 20ലേറെ എംഎൽഎമാരുമായായിരുന്നു അജിത് കൂടുമാറിയത്. പിന്നാലെ ബിജെപിയും ഏക്നാഥ് ഷിൻഡെ ശിവസേനയും ചേർന്നുള്ള മഹായുതി സർക്കാരിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ തിരിച്ചടിയാണു നേരിട്ടത്. മത്സരിച്ച നാല് സീറ്റിൽ ഒരിടത്തു മാത്രമാണു ജയിക്കാനായിരുന്നത്. എന്നാൽ, എട്ട് സീറ്റുമായി ശരദ് പവാർ പക്ഷം കരുത്ത് തെളിയിച്ചു. ബിജെപിയെ ഞെട്ടിച്ച എംവിഎ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കാനും പാർട്ടിക്കായി. ബിജെപി വൻ മുന്നേറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ട സംസ്ഥാനത്ത് ആകെ 48 സീറ്റിൽ 31ഉം നേടിയത് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എംവിഎ ആയിരുന്നു. 13 സീറ്റ് നേടി കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തിയപ്പോൾ ഉദ്ദവ് സേന ഒൻപതും ശരദ് പവാർ എൻസിപി എട്ടും സീറ്റ് നേടി കരുത്തറിയിക്കുകയായിരുന്നു.
Summary: NCP (Sharad Pawar faction) MPs set to join Ajit Pawar's NCP: Report