ആണവ മിസൈലിന് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളുമായി പോയ ചരക്ക് കപ്പൽ മുംബൈയില്‍ പിടിയിൽ
ചൈനയിൽ നിന്ന് കറാച്ചിയിലേക്ക് പോയ കപ്പലാണ് കസ്റ്റംസ് പിടിച്ചത്
മുംബൈ: മുംബൈ ജെഎൻപിടി തുറമുഖത്ത് ആണവ മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളുമായി ചരക്ക് കപ്പൽ പിടികൂടിയതായി കസ്റ്റംസ്. ചൈനയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് പിടികൂടിയത്. ജനുവരി 23 നാണ് കപ്പൽ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് ആണവ മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളാണ് ചരക്ക് കപ്പലിലുണ്ടായിരുന്നതായി വ്യക്തമായത്.
ഇറ്റാലിയൻ നിർമ്മിത കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ മെഷീൻ അടക്കമുള്ള യന്ത്രഭാഗങ്ങളും പിടിച്ചെടുത്തതായി ഡിആർഡിഒ സംഘം സ്ഥിരീകരിച്ചു. ചൈനയിലെ ഷെഖോ തുറമുഖത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടത്. മാൾട്ടയുടെ പതാകയുള്ള കപ്പലാണണെന്നും അധികൃതർ അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.