ആർ.എസ്.എസ് ട്രസ്റ്റിനു നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ സിദ്ധരാമയ്യ; ഉത്തരവ് മരവിപ്പിച്ചു

ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് 35.33 ഏക്കർ ഭൂമി ആർ.എസ്.എസ് അനുബന്ധ സംഘമായ 'ജനസേവ ട്രസ്റ്റി'ന് പതിച്ചുനൽകിയിരുന്നത്

Update: 2023-07-14 10:56 GMT
Editor : Shaheer | By : Web Desk

സിദ്ധരാമയ്യ

Advertising

ബംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർ.എസ്.എസ് അനുബന്ധ സംഘമായ 'ജനസേവ ട്രസ്റ്റി'ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ബംഗളൂരു സൗത്തിൽ വിവിധ സംഘടനകൾക്ക് മുൻ സർക്കാർ നൽകിയ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയത്.

ഇതിനുള്ള മറുപടിയിലാണ് ജനസേവ ട്രസ്റ്റിന് 35.33 ഏക്കർ ഭൂമി നൽകിയതു തടഞ്ഞതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ബൊമ്മൈ ഭരണകൂടം പതിച്ചുനൽകിയ മറ്റു ഭൂമികൾക്കും ഉത്തരവ് ബാധകമാണെന്നും കൃഷ്ണ ബൈരെ വ്യക്തമാക്കി.

ബൊമ്മൈ സർക്കാർ തിടുക്കപ്പെട്ടു നടത്തിയ ഭൂമി കൈമാറ്റങ്ങളെല്ലാം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. അനർഹർക്കടക്കം ഇത്തരത്തിൽ ഗ്രാന്റുകൾ ലഭിച്ചിട്ടുണ്ട്. ഓരോ സംഘടനയുടെയും യോഗ്യതയും ലക്ഷ്യങ്ങളുമെല്ലാം പരിശോധിച്ചുവരികയാണ്. പൊതുതാൽപര്യപ്രകാരമുള്ള ഇടപെടലായിരുന്നോ സർക്കാരിന്റേതെന്ന് നോക്കുമെന്നും മന്ത്രി കൃഷ്ണ ബൈരെ അറിയിച്ചു.

ഗോമാല ഭൂമി(മൃഗങ്ങൾക്കു മേയാനായി ഒഴിച്ചിട്ട സർക്കാർ ഭൂമി)യാണ് ആർ.എസ്.എസ് ട്രസ്റ്റിനടക്കം നൽകിയിരിക്കുന്നത്. ഗോമാല ഭൂമി കൈമാറ്റം ചെയ്യരുതെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി.എ.ജി) 2018ൽ വ്യക്തമാക്കിയിരുന്നു. ഈ ഭൂമി കൈമാറരുതെന്ന് സർക്കാരിനോട് നിർദേശിക്കുന്ന നിരവധി കോടതി വിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജി ആവശ്യം. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയായിരുന്നു ബി.ജെ.പി സർക്കാരിൻരെ നടപടി. ആർ.എസ്.എസ് ട്രസ്റ്റിനു പുറമെ സിദ്ധാഗംഗ മഠം, രാഷ്ട്രോത്ഥാന പരിഷത്ത്, ഇസ്‌കോൺ, വൊക്കലിഗാര സംഘം, കർണാടക ലോൺ ടെന്നീസ് അസോസിയേഷൻ എന്നിവയ്ക്കും ഇത്തരത്തിൽ ഭൂമി നൽകിയിട്ടുണ്ട്.

അതേസമയം, പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഇതുവരെ ഔദ്യോഗികതലത്തിൽ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ജനസേവ ട്രസ്റ്റ് സെക്രട്ടറി നിർൽ കുമാർ പ്രതികരിച്ചു. ട്രസ്റ്റിനു കീഴിൽ ബംഗളൂരുവിൽ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Summary: The grant of 35.33 acres of gomala land to the RSS-linked Janaseva Trust in Bengaluru has been put on hold by the Siddaramaiah-led Congress government

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News