'ഒരു സമുദായത്തിനെതിരെയും അനീതി ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം'; മീലാദ് യാത്രക്ക് നേരെയുള്ള കല്ലേറിൽ കടുത്ത നടപടിയെന്ന് സിദ്ധരാമയ്യ
ശിവമൊഗ്ഗയിൽ ഞായറാഴ്ച നടന്ന മീലാദ് റാലിക്ക് നേരെയാണ് കല്ലേറുണ്ടായത്.
ബംഗളൂരു: സംസ്ഥാനത്ത് വർഗീയ കലാപങ്ങൾക്ക് ശ്രമിക്കുന്നവർക്കെതിരെ സർക്കാർ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഞായറാഴ്ച രാത്രി ശിവമൊഗ്ഗയിൽ നടന്ന മീലാദ് ഘോഷയാത്രക്കു നേരെ കല്ലേറുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ തങ്ങൾ തടയില്ലെന്നും എന്നാൽ പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം വർഗീയ കലാപങ്ങൾ വർധിച്ചുവെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം വസ്തുതാവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഒരു സമുദായത്തിനെതിരെയും അനീതി ഉണ്ടാവാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബംഗളൂരു വിമാനത്താവളത്തിൽ സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ശിവമൊഗ്ഗയിൽ ഞായറാഴ്ച നടന്ന മീലാദ് റാലിക്ക് നേരെയാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ചില വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടായതായും പൊലീസിന് നേരെയും കല്ലേറുണ്ടായതായും ശിവമൊഗ്ഗ പൊലീസ് സൂപ്രണ്ട് ജി.കെ മിഥുൻ കുമാർ പറഞ്ഞു.