ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്​പോർട്ട് റദ്ദാക്കാൻ വീണ്ടും കത്തയച്ച് സിദ്ധരാമയ്യ

എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്​പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെയ് 1 ന് കത്തയിച്ചിരുന്നിട്ടും നടപടിയുണ്ടായില്ല

Update: 2024-05-23 09:59 GMT
Advertising

ബംഗളു​രു: ബലാത്സംഗ കേസിൽ പ്രതിയായ എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്​പോർട്ട് അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് വീണ്ടും കത്തയച്ച് കർണാടക മുഖ്യമന്ത്രി. ജെഡി(എസ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് മോദിക്ക് സിദ്ധരാമയ്യ കത്തയക്കുന്നത്.

ബലാത്സംഗ കേസിൽ പ്രതിയായ പ്രജ്വൽ രാജ്യം വിട്ടത് നാണക്കേടാണ്. ഏപ്രിൽ 27 നാണ് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. നേരത്തെ കത്തയച്ചിട്ടും നടപടിയെടുക്കാത്ത മോദിയുടെ നിലപാട് നിരാശയുണ്ടാക്കുന്നതാണ്. എംപിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. അതിൽ 23 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പ്രജ്വൽ രേവണ്ണക്കെതിരെ ഉയർന്ന ഗുരുതര കുറ്റകൃത്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഒരിക്കൽ കൂടി എഴുതുന്നു. പ്രജ്വലിനെതിരെ ഉയർന്ന പരാതികൾ കർണാടകയിലെ ജനങ്ങളുടെ മന:സാക്ഷിയെ ഞെട്ടിക്കുന്നതും രാജ്യവ്യാപകമായി ആശങ്ക ഉളവാക്കുന്നതുമാണെന്നും കത്തിൽ പറയുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ പ്രജ്വൽ രാജ്യം വിട്ടത് ലജ്ജാകരമാണ്. രാജ്യം വിടാനും ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാനും പ്രജ്വല തന്റെ നയതന്ത്ര പദവി ദുരുപയോഗം ചെയ്തു. ലുക്ക് ഔട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടീസും സെക്ഷൻ 41 എ സിആർപിസി പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ രണ്ട് നോട്ടീസുകളും നൽകിയിട്ടുംപ്രജ്വല് രേവണ്ണ ഒളിവിൽ കഴിയുന്നത് ഗൗരവതരമായ കാര്യമാണ്. പ്രജ്വൽ രാജ്യത്തെ നിയമസംവിധാനങ്ങളോട് സഹകരിക്കാത്തതിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു.​ ഒരു തവണ കത്തയച്ചിട്ടും നടപടി സ്വീകരിക്കാത്തത് നിരാശജനകമാ​ണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News