ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ബി.ജെ.പിയും പ്രാദേശിക പാർട്ടികളും നേർക്കുനേർ
ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലം പാർട്ടികൾക്ക് നിർണായകമാണ്.
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പിയും പ്രാദേശിക പാർട്ടികളും തമ്മിലാണ് പ്രധാന മത്സരം. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ അദംപൂർ, ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലം പാർട്ടികൾക്ക് നിർണായകമാണ്. ബിഹാറിലും മഹാരാഷ്ട്രയിലും രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഇതിനുണ്ട്.
അന്ധേരി ഈസ്റ്റിൽ ശിവസേനാ നേതാവ് രമേശ് ലട്‌കെയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്‌കെയാണ് ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പി അടക്കം പ്രധാന പാർട്ടികളൊന്നും മത്സരിക്കുന്നില്ല. നാല് സ്വതന്ത്ര സ്ഥാനാർഥികളാണ് റുതുജക്ക് എതിരാളികളായുള്ളത്.
തെലങ്കാനയിലെ മനുഗോഡയിലാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്. ഇവിടെ കോൺഗ്രസ് എം.എൽ.എ കെ. രാജഗോപാൽ റെഡ്ഡി രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജഗോപാൽ റെഡ്ഡിയാണ് ബി.ജെ.പി സ്ഥാനാർഥി. കെ. പ്രഭാകർ റെഡ്ഡിയാണ് ടി.ആർ.എസ് സ്ഥാനാർഥി. പലവായ് ശ്രാവന്തി റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി. മൂന്നു പാർട്ടികൾക്കും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.
ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മകാമ സീറ്റ് ആർ.ജെ.ഡിയുടേയും ഗോപാൽ ഗഞ്ച് ബി.ജെ.പിയുടേയും സിറ്റിങ് സീറ്റാണ്. ആർ.ജെ.ഡി എം.എൽ.എ ആനന്ദ് സിങ് ക്രിമിനൽ കേസിൽ കുറ്റക്കാരനായി കണ്ടെത്തിതിനെ തുടർന്ന് അയോഗ്യനായതോടെയാണ് മകാമയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഗോപാൽഗഞ്ചിൽ ബി.ജെ.പി എം.എൽ.എ സുഭാഷ് സിങിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ബിഹാറിൽ ഭരണത്തിൽ പുതിയ രാഷ്ട്രീയ സഖ്യം വന്നതോടെ രണ്ട് സീറ്റിലും മത്സരിക്കുന്ന ആർ.ജെ.ഡിക്ക് ജെ.ഡി.യുവിന്റെ പിന്തുണയുണ്ട്. മകാമയിൽ ആനന്ദ് സിങിന്റെ ഭാര്യയെ ആർ.ജെ.ഡി മത്സരത്തിനിറക്കിയപ്പോൾ ഗോപാൽഗഞ്ചിൽ മരിച്ച എം.എൽ.എ സുഭാഷ് സിങിന്റെ ഭാര്യയെ ബി.ജെ.പിയും രംഗത്തിറക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗൊല ഗൊരഖ്നാഥിൽ ബി.ജെ.പി എം.എൽ.എ അരവിന്ദ് ഗിരിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകൻ അമൻ ഗിരിയെ ആണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ വിനയ് തിവാരിയാണ് പ്രധാന എതിരാളി.
ഒഡീഷയിൽ ബി.ജെ.പി നേതാവ് ബിഷ്ണു ചരൺ സേതിയുടെ മരണത്തെ തുടർന്നാണ് ധാംനഗറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്റെ മകൻ സൂര്യവംശി സൂരജ് സ്ഥിതപ്രജ്ഞ ബി.ജെ.പിയുടേയും അബന്തി ദാസ് ബി.ജെ.ഡിയ്ക്കും ഹരേകൃഷ്ണ സേതി കോൺഗ്രസിനും വേണ്ടി മത്സരിക്കുന്നു.