സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി സൂചന
കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധിമാർ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നാളെ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ 'ഗാന്ധിമാർ' രാജിസന്നദ്ധത അറിയിക്കുമെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ രാജിസന്നദ്ധത അറിയിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഡൽഹിയിൽ യോഗം ചേർന്ന ജി 23 നേതാക്കൻമാർ ഗാന്ധിമാർ നേതൃസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ എന്നിവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ഗുലാം നബി ആസാദിന്റെ വസതിയിലായിരുന്നു യോഗം.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി പ്രസിഡന്റ് പദവി രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് സോണിയാ ഗാന്ധി താൽക്കാലിക പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പാർട്ടിക്ക് മുഴുവൻ സമയ പ്രസിഡന്റ് വേണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.