2004ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി
സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ചർച്ചകൾ അർത്ഥശൂന്യമാണെന്നും മന്ത്രി
യു.പി.എ സർക്കാർ അധികാരത്തിലേറിയ 2004 ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. " യു,പി.എ അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമായിരുന്നു. കമല ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാമെങ്കിൽ എന്ത് കൊണ്ട് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി ആയിക്കൂടാ? അവർ ഒരു ഇന്ത്യൻ പൗരയാണ്, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും ലോക്‌സഭാ അംഗവുമാണ്" കേന്ദ്ര മന്ത്രി പറഞ്ഞതായി വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
സോണിയ ഗാന്ധിയെ വിദേശിയെന്ന് പറഞ്ഞുള്ള ചർച്ചകൾ അർത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. " 2004 ൽ യു.പി.എക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന് ഞാൻ നിർദേശിച്ചിരുന്നു. അവരെ വിദേശിയെന്ന് വിളിച്ചുള്ള ചർച്ചകൾ അർത്ഥശൂന്യമാണെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത് "
സോണിയ പ്രധാനമന്ത്രി ആയില്ലെങ്കിൽ ശരദ് പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. " മൻമോഹൻ സിങിനു പകരം പവാറിനെ പ്രധാനമന്ത്രിയാക്കണമായിരുന്നു. പക്ഷെ, അവരത് ചെയ്തില്ല." - കേന്ദ്ര മന്ത്രി പറഞ്ഞു ശരദ് പവാർ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കോൺഗ്രസ് ഇന്ന് കുറേക്കൂടി ശക്തമായ നിലയിലാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ കോൺഗ്രസ് നേതാവായ ശരദ് പവാറിനെ വിദേശിയായ സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ വിമതസ്വരമുയർത്തിയതിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. 1999 ൽ അദ്ദേഹം കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചു. നിലവിൽ എൻ.സി.പിയും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. രാംദാസ് അത്താവലെയും മഹാരാഷ്ട്രയിൽ നിന്നാണ്.