പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: എസ്.എസ്.പി ഉൾപ്പെടെ ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ഉദ്യോഗസ്ഥർ അന്വേഷണസമിതിക്ക് മുമ്പിൽ ഹാജരായി
പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഫിറോസ്പൂരിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് സർക്കാർ സ്ഥലം മാറ്റിയത്.
ഫിറോസ് പൂരിലെ എസ്.എസ്.പിയായിരുന്ന ഹർമൻദീപ് സിങ് ഹാൻസിനെ ലുധിയാനയിലെ മൂന്നാം ഐ.ആർ.ബി കമാൻഡന്റായാണ് സ്ഥലം മാറ്റിയത്. വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയ ദിവസം സുരക്ഷചുമതലയിലുള്ള ഉദ്യോഗസ്ഥൻ കൂടിയായിന്നു ഹർമൻദീപ് സിങ്. നരീന്ദർ ഭാർഗവാണ് ഫിറോസ്പൂരിലെ പുതിയ എസ്.എസ്.പി.
എസ്എസ്പി, ഡിജിപി, സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരടക്കം 13 പേർ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗസമിതിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. വ്യാഴാഴ്ച മുതലാണ് സുരക്ഷാവീഴ്ചയെ സംബന്ധിച്ച് സമാന്തര അന്വേഷണങ്ങൾ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിയും സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയുമാണ് അന്വേഷണം നടത്തുന്നത്.
കർഷക പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ പഞ്ചാബിലെ ഹുസൈനിവാലയിലെ രക്ഷസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മേൽപാലത്തിലാണ് മോദിയുടെ വാഹനവ്യൂഹം കുടുങ്ങിയത്. ഗുരുതരമായ സുരക്ഷാ വീഴ്ച എന്നാണ് ആഭ്യന്തര മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.