ജാതിയുടെ പേരിൽ മാറ്റിനിര്‍ത്തിയ യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി

ആദിവാസിയായ നരിക്കുറവ സമുദായത്തിലെ അശ്വനി എന്ന യുവതിക്കാണ് ജാതിയുടെ പേരിൽ അന്നദാനം നിഷേധിക്കപ്പെട്ടത്

Update: 2021-10-31 14:28 GMT
Editor : ijas
Advertising

ക്ഷേത്രങ്ങൾ വഴി സർക്കാർ നൽകുന്ന അന്നദാനം ജാതിയുടെ പേരിൽ നിഷേധിച്ച യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖർ. കഴിഞ്ഞ ദിവസം മാമല്ലപുരത്തിനത്ത് ആദിവാസിയായ നരിക്കുറവ സമുദായത്തിലെ അശ്വനി എന്ന യുവതിക്കാണ് ജാതിയുടെ പേരിൽ അന്നദാനം നിഷേധിക്കപ്പെട്ടത്. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാൻ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയില്‍ വെച്ച് നൽകാമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്ഥലശയന പെരുമാൾ ക്ഷേത്രത്തിലാണ് നരിക്കുറവയാണെന്ന് ആരോപിച്ച് യുവതിക്ക് ഭക്ഷണം നിഷേധിച്ചത്. കൂടാതെ അശ്വിനിയേയും ഒപ്പമുള്ളവരേയും ക്ഷേത്രജീവനക്കാർ കമ്പ് കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു. പരമ്പരാ​ഗത വേട്ടക്കാരായ നരിക്കുറവ വിഭാ​ഗം പ്രധാനമായും ന​ഗര പ്രദേശങ്ങളിലെ എലിക്കളെയും പാമ്പുകളെയുമാണ് പിടികൂടാറ്.

സർക്കാർ വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിൽ തനിക്കും തന്‍റെ വിഭാഗത്തിലുമുള്ളവർക്കുണ്ടായ അപമാനത്തേക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ ഇടപെടുകയും ദേവസ്വം വകുപ്പിൽ നിന്നും ക്ഷേത്ര ജീവനക്കാരിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടുകയുണ്ടായി. തുടർന്ന് ദേവസ്വം മന്ത്രി സംഭവ സ്ഥലത്ത് നേരിട്ടെത്തുകയും യുവതിക്കൊപ്പമിരുന്ന് അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അശ്വിനി സന്തോഷവതിയാണെന്നും മുഖ്യമന്ത്രിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ ശേഖർ ബാബു വ്യക്തമാക്കി.

ആരുടേയും സ്വകാര്യമായ ചടങ്ങിൽ നിന്ന് ഭക്ഷണം കഴിക്കാനല്ല എത്തിയതെന്നും എന്തുകൊണ്ടാണ് തനിക്ക് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നുമുള്ള അശ്വിനിയുടെ ചോദ്യം സർക്കാരിനെതിരായ വിമർശനം ഉയരാൻ കാരണമായിരുന്നു. സ്ത്രീകൾ അടക്കമുള്ള എല്ലാ ജാതിക്കാർക്കും പൂജാരികളാവാം എന്ന ഡി.എം.കെ സർക്കാരിന്‍റെ തീരുമാനത്തിന് വലിയ പ്രതികരണമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉണ്ടായ ഇത്തരം നടപടികൾ വേദനാജനകമായി പോയെന്നും അശ്വനി പറഞ്ഞു.

സർക്കാർ നിയന്ത്രണത്തിലുള്ള പല ക്ഷേത്രങ്ങളിലും ഒരു ദിവസം ഒരു ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. 10 മുതൽ 5000 പേരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 800 റോളം ക്ഷേത്രങ്ങളുടെ പൊതു അക്കൗണ്ടിൽ നിന്നാണ് ഇതിനായുള്ള പണം നല്‍കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News