40 ലക്ഷം രൂപ; പാനിപൂരി വില്പനക്കാരന്റെ വരുമാനം കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
ജോലി ഉപേക്ഷിച്ച് പാനിപൂരി സ്റ്റാൾ തുടങ്ങുകയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ടെക്കികൾ കമ്മന്റ് പങ്കുവെച്ചിരിക്കുന്നത്
ചെന്നൈ: പാനിപൂരി വില്പനക്കാരന്റെ വരുമാനം കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ. പാനിപൂരി വിൽപ്പനയിലൂടെ ഓൺലൈൻ പേയ്‌മെന്റ് വഴി 40 ലക്ഷം രൂപയാണ് തമിഴ്‌നാട് സ്വദേശി സ്വന്തമാക്കിയത്. ഇത്രയും വലിയ തുകയുടെ ഓൺലൈൻ ഇടപാട് മൂലം ഇയാൾക്ക് ജിഎസ്ടി നോട്ടീസും ലഭിച്ചിട്ടുണ്ട്. ജോലി ഉപേക്ഷിച്ച് പാനിപൂരി സ്റ്റാൾ തുടങ്ങുകയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ടെക്കികൾ കമ്മന്റ് പങ്കുവെച്ചിരിക്കുന്നത്. പാനിപൂരി വിൽക്കുന്നയാൾക്ക് മെഡിക്കൽ കോളേജിലെ പ്രൊഫസർമാരെക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
തമിഴ്‌നാട് ചരക്ക് സേവന നികുതി നിയമത്തിനും സെൻട്രൽ ജിഎസ്ടി നിയമത്തിലെ സെക്ഷൻ 70 നും കീഴിലാണ് വില്പനക്കാരന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2024 ഡിസംബർ 17-ന് ലഭിച്ച നോട്ടീസ് പ്രകാരം 2023-24 വർഷത്തിൽ കടക്കാരൻ സ്വമ്പാദിച്ചത് 40 ലക്ഷം രൂപയാണ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇയാൾ സമ്പാദിച്ച തുകയും നോട്ടീസിൽ വ്യക്തമാക്കുന്നത്. യുപിഐ സേവനങ്ങൾ ഉപയോഗിച്ച് നടത്തിയ ഡിജിറ്റൽ ഇടപാടുകളുടെ വിവരങ്ങൾ ആണ് ജിഎസ്ടി നോട്ടീസിൽ കാണിച്ചിരിക്കുന്നത്.
ചരക്കുകളോ സേവനങ്ങളോ നൽകുമ്പോൾ, ഇടപാടുകൾ ഒരു പരിധി കവിഞ്ഞാൽ, ജിഎസ്ടി നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നോട്ടീസ് പുറത്ത് വന്നതിന് പിന്നാലെ വരുമാനത്തിനൊപ്പം, നികുതി ചുമത്തുന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഉയർന്നിട്ടുണ്ട്. നികുതി വെട്ടിപ്പിലേക്കും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചർച്ചയെ എത്തിച്ചിട്ടുണ്ട്.