ഡൽഹി വിമാനത്താവളത്തിൽ സ്റ്റാലിൻ- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച; ആശംസകൾ നേർന്നു

തമിഴ്‌നാടും ആന്ധ്രയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ തങ്ങൾ സഹകരിക്കുമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.

Update: 2024-06-05 18:07 GMT
Advertising

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോവുന്ന ചന്ദ്രബാബു നായിഡുവിന് സ്റ്റാലിൻ ആശംസകൾ നേർന്നു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സ്റ്റാലിൻ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു. തമിഴ്‌നാടും ആന്ധ്രയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹകരിക്കുമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.

'ദീർഘകാലം തലൈവർ കലൈഞ്ജറുടെ സുഹൃത്തായിരുന്ന നായിഡു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി വാദിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും കേന്ദ്രസർക്കാരിൽ നിർണായക പങ്ക് വഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്'- തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ, എൻഡിഎയുടെയും ഇൻഡ്യാ മുന്നണിയുടേയും യോ​ഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡുവും എം.കെ സ്റ്റാലിനും. യോ​ഗം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാനായി വിമാനത്താവളത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

ആന്ധ്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജ​ഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺ​ഗ്രസ് സർക്കാരിനെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി പരാജയപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 135ഉം നേടിയാണ് ടി.ഡി.പി അധികാരം പിടിച്ചത്. ജൂണ്‍ ഒമ്പതിന് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

സഖ്യകക്ഷികളായ പവൻ കല്യാണിന്റെ ജനസേന 21 സീറ്റിലും ബിജെപി എട്ട് സീറ്റിലും വിജയിച്ചു. ഇതുവരെ വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനം ഭരിച്ച വൈഎസ്ആർ കോൺഗ്രസ് 12 സീറ്റിലേക്കു ചുരുങ്ങി.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്ക് യാതൊരു പ്രതീക്ഷയും കൊടുക്കാതെ 39 സീറ്റും ഇൻഡ്യ മുന്നണി തൂത്തുവാരിയിരുന്നു. ഇതിൽ ഇതിൽ 22 സീറ്റ് ഡിഎംകെയും ഒമ്പതെണ്ണം കോൺഗ്രസും രണ്ടെണ്ണം വീതം വി.സി.കെ, സി.പി.ഐ, സി.പി.എം എന്നീ കക്ഷികളും ഒരു സീറ്റ് എം.ഡി.എം.കെയുമാണ് നേടിയത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News