തെലങ്കാനയിൽ കനത്ത മഴ തുടരുന്നു; ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
19000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു
തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 223 ക്യാമ്പുകളിലായി 19000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മഴതുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി സോമേഷ് കുമാർ ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ പല ജില്ലകളിലെയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗോദാവരി നദി ശക്തമായി ഒഴുകുന്നതിനാൽ മുലുഗു, ഭൂപാൽപള്ളി, ഭദ്രാദ്രി-കോതഗുഡെം ജില്ലകളിലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ, ഭദ്രാചലം, ബർഗംപാട് മണ്ഡലങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭദ്രാചലത്ത് ഗോദാവരി നദിക്ക് കുറുകെയുള്ള പാലത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ വാഹന ഗതാഗതം അനുവദിച്ചിരുന്നില്ല. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന ഗതാഗത മന്ത്രി പി അജയ് കുമാർ ഭദ്രാചലത്ത് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു.
ജഗ്തിയാൽ ജില്ലയിലെ മഴക്കെടുതി റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട പ്രാദേശിക മാധ്യമപ്രവർത്തകന്റെ കുടുംബത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി കൊപ്പുല ഈശ്വർ സന്ദർശിച്ചു. മഴക്കെടുതിയിൽ ഭിത്തികൾ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും പത്തിലധികം പേരാണ് സംസ്ഥാനത്ത് മരിച്ചത്.