കുതിരക്കച്ചവടത്തിൽ തുഷാർ കുരുക്കിലേക്ക്; പ്രതികളെ തേടി തെലങ്കാന പൊലീസ്
കേസിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനു ഇളവ് ലഭിച്ചതോടെ മറ്റു പ്രതികളായ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവരിൽ അന്വേഷണം ഊർജിതമാക്കാനാണ് നീക്കം
ഹൈദരാബാദ്: എം.എൽ.എമാരെ കൂറുമാറ്റി കെ. ചന്ദ്രശേഖർ റാവു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കി തെലങ്കാന പൊലീസ്. ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനു ഇളവ് ലഭിച്ചതോടെ മറ്റു പ്രതികളിലേക്കായിരിക്കും കൂടുതൽ ശ്രദ്ധ. തെലങ്കാന ഹൈക്കോടതിയാണ് ബി.എൽ സന്തോഷിനു നൽകിയ നോട്ടിസ് സ്റ്റേ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നദ്ദ എന്നിവർ കഴിഞ്ഞാൽ ബി.ജെ.പിയിൽ അടുത്ത സ്ഥാനം ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനാണ്. ഇദ്ദേഹത്തെയാണ് ഓപറേഷൻ താമരയുടെ ഭാഗമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മുൾമുനയിൽ നിർത്തുന്നത്. ചോദ്യംചെയ്യാനുള്ള ആദ്യ നോട്ടിസ് അവഗണിച്ചെങ്കിലും സംഭവം പന്തിയില്ലെന്നു കണ്ടാണ് സ്റ്റേ ആവശ്യവുമായി ഹൈക്കോടതിയിൽ എത്തിയത്. നടപടിക്രമങ്ങൾ പാലിച്ചല്ല നോട്ടിസ് എന്ന വാദം ഉയർത്തിയതോടെയാണ് സ്റ്റേ അനുവദിച്ചത്.
കേസിലെ മറ്റു പ്രതികളായ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തെലങ്കാന പൊലീസ്. തെലങ്കാന പ്രത്യേക അന്വേഷണ സംഘമാണ്(എസ്.ഐ.ടി) കേസ് അന്വേഷിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് നോട്ടിസ് നൽകിയാൽ സന്തോഷ് ഹാജരാകേണ്ടി വരും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി ബി.എൽ സന്തോഷ് നിലവിൽ ഗുജറാത്തിലാണുള്ളത്.
ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി തലവനുമായ കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നാണ് കെ.സി.ആർ ആരോപിച്ചത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എമാരെ ബി.ജെ.പിയിലേക്ക് ചാക്കിട്ടുപിടിക്കാൻ എത്തിയ മൂന്ന് ഏജന്റുമാരെ ചോദ്യംചെയ്തപ്പോഴാണ് സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.
Summary: Telangana Police intensified investigation in the TRS MLAs poaching case in Telangana as lookout notice issued against NDA Kerala convener Thushar Vellappally