'ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കാനാകില്ല'; സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി
''ക്രിസ്ത്യാനിയായ കെ.ജെ യേശുദാസ് ആലപിച്ച ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ ഒരു എതിർപ്പുമില്ലാതെ കേൾപ്പിക്കുന്നുണ്ട്. നാഗൂർ ദർഗ, വേളാങ്കണ്ണി പള്ളി അടക്കമുള്ള സ്ഥലങ്ങളിൽ ഹിന്ദുക്കളും പോകാറുണ്ട്.''
ചെന്നൈ: അഹിന്ദു പ്രവേശനം വിലക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന അഹിന്ദുക്കളെ ക്ഷേത്രപ്രവേശനത്തിൽനിന്ന് വിലക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവട്ടാർ കുംഭാഭിഷേകത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയാണ് കോടതിയുടെ സുപ്രധാനവിധി.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ നടക്കുന്ന കുംഭാഭിഷേക ഉത്സവത്തിൽ ക്രിസ്ത്യൻ മന്ത്രി പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സി. സോമൻ എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ. ഹേമലത എന്നിവർ വ്യക്തമാക്കി.
ക്രിസ്ത്യാനിയായ കെ.ജെ യേശുദാസ് ആലപിച്ച ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ ഒരു എതിർപ്പുമില്ലാതെ കേൾപ്പിക്കുന്നുണ്ട്. ഇതോടൊപ്പം നാഗൂർ ദർഗ, വേളാങ്കണ്ണി ക്രിസ്ത്യൻ പള്ളി അടക്കമുള്ള സ്ഥലങ്ങളിൽ ഹിന്ദുക്കളും പോകാറുണ്ട്. ഇതോടൊപ്പം കുംഭാഭിഷേകം പോലുള്ളഴ വലിയൊരു ഉത്സവം നടക്കുമ്പോൾ സ്ഥലത്തെത്തുന്നവരുടെ മതം തിരിച്ചറിയാൻ സംഘാടകർക്ക് അസാധ്യമാണെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു മതക്കാരന് ഒരു ക്ഷേത്രത്തിലെ ആരാധനാമൂർത്തിയിൽ വിശ്വാസമുണ്ടെങ്കിൽ അവരെ ക്ഷേത്രപ്രവേശനത്തിൽനിന്ന് തടയാനാകില്ലെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
Summary: Person belonging to another religion cannot be prevented entry into temple if he has faith in that Hindu deity: Madras High Court