മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരം തുടരുകയാണ്
ന്യൂഡൽഹി: മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ.എം.എയ്ക്കും റെസിഡന്റ് ഡോക്ടർമാരുടെ സംഘടനക്കും നിർദേശം സമർപ്പിക്കാം.
കൊൽക്കത്തയിൽ മെഡിക്കൽ പി.ജി വിദ്യാർഥിനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഐ.എം.എ രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന് കേരളത്തിലെ ഡോക്ടർമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒ.പി തടസ്സപ്പെട്ടു.
ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം നാളെ രാവിലെ ആറ് മണി വരെയാണ്. ഒ.പിയും വാർഡുകളിലെ ഡ്യൂട്ടിയും ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ഡോക്ടർമാരുടെ സേവനമുള്ളത്.
ഐ.എം.എ ആഹ്വാനം ചെയ്ത സമരത്തിൽ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, പി.ജി അസോസിയേഷൻ, ഹൗസ് സർജൻ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളും പങ്കെടുക്കുന്നു. ദേശീയ തലത്തിൽ ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.