പ്രതിശ്രുത വധുവിന്റെ പ്ലസ്ടു മാർക്ക് മോശം; ചടങ്ങുകള്‍ക്കിടെ വിവാഹത്തിൽനിന്ന് പിന്മാറി വരൻ
ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്
വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഭാര്യാഭർത്താക്കന്മാർ പിരിയുകയെന്നത് സാധാരണയാണ്. കൃത്യമായ കാരണങ്ങളില്ലാതെ വിവാഹജീവിതം ആരും വേണ്ടെന്ന് വെക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിസാരമായ കാരണത്താൽ വധുവിനെ കയ്യൊഴിഞ്ഞിരിക്കുകയാണ് വരൻ. കനൗജിലെ തിരവ നിവാസിയായ സോനുവാണ് വധുവിനെ വേണ്ടെന്നുവെച്ചത്. തന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയുടെ പ്ലസ് ടു മാർക്ക് മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോനു ചടങ്ങുകൾക്കിടെ വിവാഹത്തിൽനിന്നും പിന്മാറിയത്. അതേസമയം വിവാഹത്തിൽ നിന്ന് സോനു പിന്തിരിയാൻ കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു.
ഡിസംബറിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് വധുവിന്റെ പ്ലസ് ടു മാർക്ക് മോശമാണെന്ന് ചൂണ്ടിക്കാട്ടി വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു വരൻ. സോനുവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തുക നൽകാൻ കഴിയാത്തതിനാലാണ് തർക്കമുണ്ടായതെന്നും വധുവിന്റെ കുടുംബം അറിയിച്ചു. ടൈംസ് നൗ റിപ്പോർട്ട് പ്രകാരം വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡിസംബറിൽ നടന്ന ചടങ്ങിനായി വധുവിന്റെ പിതാവ് 60,000 രൂപയാണ് ചിലവഴിച്ചത്. 15,000 രൂപയുടെ സ്വർണമോതിരം വരന് സമ്മാനിക്കുകയും ചെയ്തു. എന്നാൽ ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വിചിത്രമായ കാരണത്താൽ കല്യാണം മുടങ്ങുന്നത് ഇതാദ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ, വധുവിന്റെ വീട്ടുകാർ പഴയ ഫർണിച്ചറുകൾ സ്ത്രീധനമായി നൽകിയെന്ന് വരൻ കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദിൽ കല്യാണം നിർത്തിവച്ചു. ചടങ്ങിൽ പങ്കെടുക്കാൻ വരൻ കൂട്ടാക്കിയില്ല. പിന്നീട് വധുവിന്റെ വീട്ടുകാർ വരനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.