ഇന്നെനിക്ക് വീണ്ടും ശ്വസിക്കാന്‍ കഴിയുന്നു; സുപ്രിം കോടതിക്ക് ബില്‍ക്കിസ് ബാനുവിന്‍റെ തുറന്ന കത്ത്
എന്‍റേത് പോലുള്ള യാത്രകള്‍ ഒരിക്കലും ഒറ്റക്ക് നടത്താനാവില്ല
ഡല്‍ഹി: നീണ്ട ഒന്നര വര്‍ഷത്തിനു ശേഷം ബില്‍ക്കിസ് ബാനു നിറഞ്ഞുചിരിക്കുകയാണ്. നീതിക്കുവേണ്ടി പോരാടി ആ നീതി നേടിയെടുക്കുക തന്നെ ചെയ്തു പോരാട്ടത്തിന്‍റെ പ്രതീകമായി മാറിയ ഈ 41കാരി. തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി റദ്ദാക്കിയ സുപ്രിം കോടതി വിധിയില്‍ കോടതിക്ക് നന്ദിക്ക് പറയുകയാണ് ബില്‍ക്കിസ് ബാനു. ''ഇന്നാണ് എനിക്ക് ശരിക്ക് പുതുവര്‍ഷം, ആശ്വാസത്തിന്‍റെ കണ്ണുനീര്‍ ഞാന്‍ തുടച്ചു,ഒന്നരവര്‍ഷത്തിനിടെ ഞാന്‍ ആദ്യമായി പുഞ്ചിരിച്ചു. എന്‍റെ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തു'' ബില്‍ക്കിസ് അഭിഭാഷക ശോഭ ഗുപ്ത മുഖേനെ നല്‍കിയ കത്തില്‍ പറയുന്നു.
''ഒരു പര്‍വതത്തിന്‍റെ വലിപ്പമുള്ള കല്ല് എന്‍റെ നെഞ്ചില്‍ നിന്നും നീങ്ങിയതുപോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എനിക്ക് വീണ്ടും ശ്വസിക്കാന്‍ സാധിക്കുന്നു.ഇങ്ങനെയാണ് നീതി നടപ്പിലാവുക''ബാനുവിന്‍റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി സുപ്രിംകോടതി റദ്ദാക്കിയത്. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് കോടതി വിമര്‍ശമുന്നയിക്കുകയും ചെയ്തു.
ബില്‍ക്കിസ് ബാനുവിന്‍റെ കത്തിന്‍റെ പൂര്‍ണരൂപം
ഇന്നാണ് എനിക്ക് ശരിക്ക് പുതുവര്‍ഷം, ആശ്വാസത്തിന്‍റെ കണ്ണുനീര്‍ ഞാന്‍ തുടച്ചു,ഒന്നരവര്‍ഷത്തിനിടെ ഞാന്‍ ആദ്യമായി പുഞ്ചിരിച്ചു. എന്‍റെ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തു.ഒരു പര്‍വതത്തിന്‍റെ വലിപ്പമുള്ള കല്ല് എന്‍റെ നെഞ്ചില്‍ നിന്നും നീങ്ങിയതുപോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എനിക്ക് വീണ്ടും ശ്വസിക്കാന്‍ സാധിക്കുന്നു.ഇങ്ങനെയാണ് നീതി നടപ്പിലാവുക.എനിക്കും എന്‍റെ കുട്ടികള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും നീതികരണവും തുല്യനീതിയുടെ വാഗ്ദാനവും നല്‍കിയതിന് ഞാന്‍ സുപ്രിം കോടതിയോട് നന്ദി പറയുന്നു.
ഞാന്‍ വീണ്ടും പറയുന്നു...എന്‍റേത് പോലുള്ള യാത്രകള്‍ ഒരിക്കലും ഒറ്റക്ക് നടത്താനാവില്ല. എന്‍റെ ഭര്‍ത്താവും കുട്ടികളും എന്‍റെ കൂടെയുണ്ടായിരുന്നു. വെറുപ്പിന്‍റെ സമയത്ത് വളരെയധികം സ്നേഹം നല്‍കിയ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ഓരോ പ്രയാസകരമായ വഴിത്തിരിവിലും അവര്‍ എന്‍റെ കൈപിടിച്ചു. നീണ്ട 20 വർഷത്തിലേറെയായി എന്നോടൊപ്പം അചഞ്ചലമായി നടന്ന, നീതിയെക്കുറിച്ചുള്ള ആശയത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്താൻ എന്നെ അനുവദിക്കാത്ത ഒരു അസാധാരണ അഭിഭാഷക എനിക്കുണ്ടായിരുന്നു... ശോഭ ഗുപ്ത.
ഒന്നര വര്‍ഷം മുന്‍പ് 2022 ആഗസ്ത് 15ന് എന്‍റെ കുടുംബത്തെ നശിപ്പിക്കുകയും എന്‍റെ അസ്തിത്വത്തെ ഭയപ്പെടുത്തുകയും ചെയ്ത കുറ്റവാളികള്‍ മോചിതരായപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി. എന്‍റെ ധൈര്യത്തിന്‍റെ സംഭരണി തീര്‍ന്നുപോയതായി എനിക്ക് തോന്നി. എനിക്കുവേണ്ടി ഒരു ദശലക്ഷം ഐക്യദാര്‍ഢ്യങ്ങള്‍ ഉയര്‍ന്നുവരുന്നതുവരെ. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ എനിക്കൊപ്പം അണിനിരന്നു. അവർ എനിക്കൊപ്പം നിന്നു, എനിക്ക് വേണ്ടി സംസാരിച്ചു, സുപ്രിം കോടതിയിൽ പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്തു.മുംബൈയില്‍ നിന്നും 8500 പേരും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നായി 6000 പേരും അപ്പീലുകള്‍ സമര്‍പ്പിച്ചു. കര്‍ണാടകയിലെ 29 ജില്ലകളില്‍ നിന്ന് 40,000 പേര്‍ ചെയ്തതുപോലെ 10,000 പേർ തുറന്ന കത്തുകള്‍ എഴുതി.ഈ ഓരോരുത്തർക്കും, നിങ്ങളുടെ വിലയേറിയ ഐക്യദാർഢ്യത്തിനും ശക്തിക്കും എന്‍റെ നന്ദി.എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി നീതി എന്ന ആശയം വീണ്ടെടുക്കാൻ പോരാടാനുള്ള ഇച്ഛാശക്തി നിങ്ങൾ എനിക്ക് നൽകി. ഞാൻ നന്ദി പറയുന്നു.
എന്‍റെ ജീവിതത്തിനും എന്‍റെ കുട്ടികളുടെ ജീവിതത്തിനും ഈ വിധിയുടെ പൂർണ്ണമായ അർത്ഥം ഞാൻ ഉൾക്കൊള്ളുമ്പോൾ, ഇന്ന് എന്‍റെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥന വളരെ ലളിതമാണ്. നിയമവാഴ്ച, എല്ലാറ്റിനുമുപരിയായി, നിയമത്തിന് മുന്നിൽ സമത്വം എല്ലാവർക്കും.