മൊബൈൽ ഫോൺ നമ്പറിനും ഇനി പണം നൽകേണ്ടിവരും; സർക്കാർ അനുമതി കാത്ത് ട്രായ്
ഉപയോഗത്തിലില്ലാത്ത നമ്പറുകൾക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്
ന്യൂഡൽഹി: മൊബൈൽ ഫോണിന്റെ സേവനത്തിന് മാത്രമല്ല,ഇനി മുതൽ മൊബൈൽ നമ്പറുകൾ കിട്ടാൻ വരെ പണം നൽകേണ്ടി വരും. രാജ്യത്തെ മൊബൈൽ നമ്പറുകൾക്കും ലാൻഡ് ഫോൺ നമ്പറുകൾക്കും പണം ഈടാക്കാനാണ് പുതിയ നിർദേശം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്‍യുടെ) പുതിയ നിർദേശത്തിന് സർക്കാറിന്റെ അനുമതി ലഭിച്ചാൽ ഇത് നടപ്പിലാക്കിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്കും കമ്പനികൾക്കും ഇത് ഒരുപോലെ ബാധകമാണ്. മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്ന് നിരക്കുകൾ ചുമത്തുകയും അത് പിന്നീട് ഉപയോക്താക്കളിൽ നിന്ന് അവർക്ക് വീണ്ടെടുക്കാനും സാധിക്കും.
ഫോൺനമ്പറുകൾ വളരെ മൂല്യവത്തായ പൊതുവിഭവമാണ് എന്നാണ് ട്രായുടെ വിലയിരുത്തൽ. ഉപയോഗത്തിലില്ലാത്ത നമ്പറുകൾക്ക് പിഴ ഈടാക്കാനും നിർദേശമുണ്ട്. ഇത്തരം നമ്പറുകൾ കൈവശം വെച്ചിരുന്ന ഓപ്പറേറ്റർമാർക്കും പിഴ ചുമത്തുന്നതും ട്രായുടെ പരിഗണനയിലുണ്ട്. ഡ്യുവൽ സിമ്മുള്ള ഒരു വരിക്കാരൻ അതിലൊന്ന് ദീർഘകാലമായി ഉപയോഗിക്കാതിരിക്കുകയും ഒരു ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന് ഭയന്ന് ആ നമ്പർ ഓപ്പറേറ്റർ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ ഓപ്പറേറ്ററിൽ നിന്ന് പിഴയടക്കമുള്ളവ ചുമത്തിയേക്കും.
നിരവധി രാജ്യങ്ങളിൽ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നോ വരിക്കാരിൽ നിന്നോ മൊബൈൽ,ലാൻഡ് ഫോൺ നമ്പറുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട്.ഓസ്ട്രേലിയ, സിംഗപ്പൂർ, ബെൽജിയം, ഫിൻലാൻഡ്, യുകെ, ലിത്വാനിയ, ഗ്രീസ്, ഹോങ്കോംഗ്, ബൾഗേറിയ, കുവൈറ്റ്, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ ഇത്തരത്തിൽ ഉപയോക്താക്കളിൽ നിന്ന് നിന്ന് പണം ഈടാക്കുന്നതായി ട്രായ് പറയുന്നു. അതേസമയം,ട്രായുടെ പുതിയ നീക്കം ഉപഭോക്താക്കൾക്ക് സാമ്പത്തിക ഭാരം അധികമാക്കുമെന്നാണ് വിമർശനം.