എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

Update: 2024-11-15 07:34 GMT
Advertising

ചെന്നൈ: എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയിൽ കുന്ദ്രത്തൂരിലാണ് സംഭവം. ആറ് വയസുകാരി വൈഷ്ണവി, ഒരു വയസുള്ള സായ് സുദർശൻ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

വീട്ടിലെ എലിശല്യം കാരണം ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് കമ്പനി ജീവനക്കാരെത്തി എലിവിഷം വീട്ടിൽ പലയിടത്തായി വിതറുകയും ചെയ്തു. രാത്രി കുടുംബം കിടന്നുറങ്ങിയത് ഇത്തരത്തിൽ എലിവിഷം വിതറിയ മുറിയിലാണ്. ഏസി ഓണാക്കുകയും ചെയ്തിരുന്നു. പുലർച്ചയോടെ ശ്വസിക്കാൻ അസ്വസ്ഥത അനുഭവപ്പെട്ടാണ് ഗിരിധരൻ സുഹൃത്തുക്കളെ വിളിച്ച് തന്നെയും കുടുംബത്തെയും ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞത്.  

അവശനിലയിലായിരുന്ന നാല് പേരെയും കുന്ദ്രത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികൾ മരിച്ചു. സംഭവത്തിൽ പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News