'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല'; അഖിലേഷ് യാദവ്
ഉദ്യോഗാർഥികൾ നടത്തിവരുന്ന പ്രതിഷേധത്തിന് അഖിലേഷ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല' എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.
റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്. ഇതാണ് ഉദ്യോഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.