മലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യാ സിങ്ങിന് വീണ്ടും എന്‍ഐഎ കോടതിയുടെ വാറന്‍റ്
ഈ വർഷം ഇതു രണ്ടാം തവണയാണ് പ്രഗ്യാ സിങ്ങ് മുംബൈ കോടതി വാറന്റ് അയയ്ക്കുന്നത്
മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ ബിജെപി എംപി പ്രഗ്യാ സിങ് താക്കൂറിനെതിരെ പുതിയ വാറന്റുമായി മുംബൈ കോടതി. കോടതിയുടെ നിർദേശങ്ങൾ അവഗണിച്ച് നിരന്തരം കേസിലെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണു നടപടി. ജാമ്യം ലഭിക്കുന്ന വാറന്റാണ് നൽകിയിരിക്കുന്നത്.
മലേഗാവ് കേസ് പരിഗണിക്കുന്ന മുംബൈയിലെ എന്‍ഐഎ സ്‌പെഷൽ കോടതിയിലെ ജഡ്ജി ജസ്റ്റിസ് എ.കെ ലഹോതിയാണ് പുതിയ വാറന്റ് അയയ്ക്കാൻ ഉത്തരവിട്ടത്. വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ഈ വർഷം ഇതു രണ്ടാം തവണയാണ് പ്രഗ്യയ്‌ക്കെതിരെ കോടതി നടപടി. മുൻപുണ്ടായിരുന്ന വിലാസം മാറിയതിനാൽ ഈ മാസം ആദ്യത്തിൽ അയച്ച വാറന്റ് പ്രഗ്യയ്ക്ക് ലഭിച്ചില്ലെന്നാണ് അഭിഭാഷകൻ വാദിച്ചത്. തുടർന്ന് പുതിയ വിലാസം നൽകുകയും ഇതിൽ പുതിയ വാറന്റ് അയയ്ക്കുകയുമായിരുന്നു.
2024 മാർച്ചിൽ സമാനമായൊരു വാറന്റ് കോടതി അയയ്ക്കുകയും പ്രഗ്യ കോടതിക്കു മുന്നിൽ ഹാജരാകുകയും ചെയ്തിരുന്നു. നിലവിൽ ഭോപ്പാലിൽനിന്നുള്ള ബിജെപി എംപിയാണ് പ്രഗ്യാ സിങ് താക്കൂർ. മലേഗാവ് സ്‌ഫോടനക്കേസിൽ എൻഐഎ കോടതി 2023 ഒക്ടോബറിൽ ബിജെപി നേതാവ് ഉൾപ്പെടെ ഏഴുപേർക്കെതിരെ യുഎപിഎ കുറ്റം ചുമത്തിയിരുന്നു. ഭീകരവാദം, ഗൂഢാലോചന, സാമുദായിക സ്പർധ സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
2008 സെപ്റ്റംബർ 29നാണ് ഉത്തര മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലുള്ള മുസ്‌ലിം പള്ളിയിൽ രാജ്യത്തെ ഞെട്ടിച്ച മലേഗാവ് സ്‌ഫോടനം നടന്നത്. പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കൾ നിറച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പ്രഗ്യാ സിങ് തൂക്കൂറിനു പുറമെ ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, സുധാകർ ദ്വിവേധി, സുധാകർ ചതുർവേദി, അജയ് രഹിർകാർ എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. മഹാരാഷ്ട്രാ ഭീകരവിരുദ്ധ സ്‌ക്വാഡാണ്(എടിഎസ്) കേസ് ആദ്യം അന്വേഷിച്ചത്. 2011ൽ അന്വേഷണം എൻഐഎയ്ക്കു കൈമാറി.
കേസിൽ മറ്റു പ്രതികൾക്കൊപ്പം ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രഗ്യ 2019ൽ മധ്യപ്രദേശിലെ ഭോപ്പാലിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് പാർലമെന്റ് അംഗമാകുകയായിരുന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്ങിനെ മൂന്നര ലക്ഷത്തിലേറെ വോട്ടിനു തോൽപിച്ചാണ് പാർലമെന്റിലെത്തിയത്.
കേസിൽ മുംബൈയിലെ പ്രത്യേക കോടതിയിലെ വിചാരണാ നടപടികൾ പുരോഗമിക്കുകയാണ്. സിആർപിസി 313 വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തലാണ് ഇപ്പോൾ നടക്കുന്നത്. പലതവണ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും പ്രഗ്യ മൊഴി നൽകാൻ എത്തിയിരുന്നില്ല. തുടർന്ന് തുടർനടപടികളുണ്ടാകുമെന്ന് കോടതി അന്ത്യശാസനം നൽകുകകയും ചെയ്തിരുന്നു. അന്തിമ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും പ്രഗ്യാ സിങ് നിരന്തരമായി വാദംകേൾക്കലിന് എത്താത്തത് നടപടിക്രമങ്ങളെ ബാധിക്കുന്നുണ്ടെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ആരോഗ്യം മോശമായതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പ്രഗ്യയുടെ വാദം. നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖം, മൈഗ്രൈൻ ഉൾപ്പെടെ നേരിടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തോട് കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രഗ്യയുടെ വാദം ശരിവച്ച് എൻഐഎ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Summary: Mumbai NIA court issues fresh bailable warrant against Pragya Singh Thakur in Malegaon blast case