'ബി.ജെ.പിക്ക് വോട്ടില്ല'; ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ത്യാഗി സമുദായം
കഴിഞ്ഞ കാലത്ത് 99 ശതമാനം ത്യാഗി വോട്ടും ബി.ജെ.പിക്കായിരുന്നു ലഭിച്ചിരുന്നതെന്ന് സമുദായ നേതാവായ ദീപക് കുമാർ ത്യാഗി പറഞ്ഞു
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കറ്റൗളിയിൽ ബി.ജെ.പിക്കെതരെ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ച് ത്യാഗി സമുദായം. മുസഫർനഗറിലെ നവാലയിൽ പ്രത്യേക യോഗം വിളിച്ചുചേർത്താണ് ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്നവരാണ് ത്യാഗി സമുദായം.
ബി.ജെ.പി പ്രവർത്തകനായിരുന്ന ശ്രീകാന്ത് ത്യാഗിയുടെ അറസ്റ്റിലും കുടുംബത്തിനെതിരായ യു.പി പൊലീസിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണ ആഹ്വാനം. ഇത് ഒറ്റക്കെട്ടായ തീരുമാനമാണെന്ന് ത്യാഗി-ബ്രാഹ്‌മിൺ-ബൂമിഹാർ മോർച്ച പ്രസിഡന്റ് മങ്ങേറാം ത്യാഗി പറഞ്ഞു. വലിയ ശതമാനം ത്യാഗി ജനസംഖ്യയുള്ള നവാലയിൽ ചേർന്ന സമ്മേളനത്തിലാണ് ബി.ജെ.പിയെ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതെന്ന് ത്യാഗി പറഞ്ഞു. ഭരണകക്ഷിയിൽനിന്ന് അകന്നുനിൽക്കാൻ സമുദായത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ശ്രീകാന്തിനോടും കുടുംബത്തോടും പാർട്ടി ചെയ്തത് ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കാലത്ത് 99 ശതമാനം ത്യാഗി വോട്ടും ലഭിച്ചിരുന്നത് ബി.ജെ.പിക്കായിരുന്നുവെന്ന് മറ്റൊരു സമുദായ നേതാവ് ദീപക് കുമാർ ത്യാഗി പറഞ്ഞു. പകരമായി അവർ ഞങ്ങളുടെ ആളുകളെ പീഡിപ്പിക്കുകയാണ് ചെയ്തത്. സമുദായക്കാരെ ഒന്നിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനായാണ് പരിപാടി നടത്തിയതെന്നും ദീപക് കുമാർ അറിയിച്ചു.
നോയിഡയിൽ ഒരു സ്ത്രീയെ അക്രമിച്ചുവെന്ന കുറ്റത്തിനാണ് ശ്രീകാന്ത് ത്യാഗിയെ കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയുടെ ചുവടുപിടിച്ചായിരുന്നു അറസ്റ്റ്. മീറത്തിൽ പിടിയിലായ ശ്രീകാന്ത് ജയിലിലാണുള്ളത്. ഇയാളുടെ കുടുംബത്തെ പൊലീസ് വേട്ടയാടിയതായും ആരോപണമുയർന്നിരുന്നു. സംഭവത്തിനു പിന്നാലെ ഓഗസ്റ്റ് 21ന് ത്യാഗി നേതാക്കൾ നോയിഡയിൽ മഹാപഞ്ചായത്ത് വിളിച്ചുചേർത്ത് ശ്രീകാന്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പി എം.എൽ.എയായിരുന്ന വിക്രം സിങ് സൈനി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2013ലെ മുസഫർനഗർ കലാപത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു വിക്രം സിങ്ങിനെ അയോഗ്യനാക്കിയത്. ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നത്. എട്ടിന് ഫലപ്രഖ്യാപനം നടക്കും.
Summary: Tyagi community announces 'BJP boycott' in Khatauli ahead of bypoll in Uttar Pradesh