ഉദ്ദവ് പക്ഷം ജയത്തിലേക്ക്; ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു
തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർ പ്രദേശിലേയും ബീഹാറിലേയും ഫലം ബിജെപിക്ക് നിർണ്ണായകമാണ്
മുംബൈ: ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്ര അന്ധേരി ഈസ്റ്റിൽ ശിവസേന ഉദ്ദവ് പക്ഷ സ്ഥാനാർത്ഥി ഋതുജക് വിജയമുറപ്പിച്ചു. മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർ പ്രദേശിലേയും ബീഹാറിലേയും ഫലം ബിജെപിക്ക് നിർണ്ണായകമാണ്. മൊകമാൻ, ഗോപാൽഗഞ്ച് നിയമസഭ മണ്ഡലങ്ങളിലാണ് ബീഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചൽ പ്രദേശ് - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളേയും ഫലം ബാധിക്കും.
ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശം ഉയർന്നിരുന്നു.
ബോധപൂർവമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാർ അവകാശപ്പെട്ടു. കാലാവസ്ഥ, നിയമസഭയുടെ കാലാവധി, പെരുമാറ്റച്ചട്ടം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി.
110 ദിവസംമുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏതാനും ദിവസംമുമ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, മോർബി ദുരന്തം കാരണം മാറ്റേണ്ടി വന്നു- രാജീവ് കുമാർ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് കമീഷൻ ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.