കശ്മീർ സെഡ്-മോര്‍ഹ് തുരങ്കത്തിന്‍റെ കരാർ ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ യുപി സ്ഥാപനം ബി.ജെ.പിക്ക് നല്‍കിയത് 10 കോടി
ഗഗൻഗിറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോർഹ് തുരങ്കത്തിന്‍റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തതിനു ശേഷമാണ് കമ്പനി ബോണ്ടുകള്‍ വാങ്ങിയത്
ശ്രീനഗര്‍: ലഖ്‌നൗ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ആപ്‌കോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പിക്ക് സംഭാവനയായി നല്‍കിയത് 10 കോടി രൂപ. കശ്മീര്‍ ഗഗൻഗിറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോർഹ് തുരങ്കത്തിന്‍റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തതിനു ശേഷമാണ് കമ്പനി ബോണ്ടുകള്‍ വാങ്ങിയത്.
ഗന്ദർബാൽ ജില്ലയിൽ 6.4 കിലോമീറ്റർ നീളമുള്ള സെഡ്-മോർഹ് തുരങ്കത്തിന്‍റെ നിര്‍മാണത്തിനായി 2019 ഡിസംബര്‍ 19നാണ് അനുമതി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് തുരങ്കം ഉദ്ഘാടനം ചെയ്തത്. 23,79 കോടിയുടെ പദ്ധതി ശൈത്യകാലത്ത് ഗഗൻഗീറിനും സോനാമാർഗിനും ഇടയിൽ തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള മെഗാ റോഡ് കമ്മ്യൂണിക്കേഷൻ പദ്ധതിയുടെ ഭാഗമാണ്.
പ്രോജക്‌റ്റിന് അനുമതി ലഭിച്ച് നാലാഴ്‌ചയ്‌ക്കുള്ളിൽ 2020 ജനുവരി 15 ന് സ്ഥാപനം ഒരു കോടി രൂപ വീതമുള്ള 10 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.ആറ് ദിവസത്തിനു ശേഷം ബി.ജെ.പി ഇത് പണമാക്കി മാറ്റുകയും ചെയ്തു. 2022ലും 2023ലും 10 കോടി വീതമുള്ള ബോണ്ടുകള്‍ വാങ്ങി. മൂന്നു വര്‍ഷത്തിനിടെ 30 കോടിയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ഈ ബോണ്ടുകളെല്ലാം ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആപ്കോ ഇന്‍ഫ്രാടെക് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തരേന്ത്യ എന്നിവിടങ്ങളിലും അയൽരാജ്യമായ നേപ്പാളിലും നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുംബൈയിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് റോഡ് മേൽപ്പാലങ്ങളും തീരദേശ റോഡും നിർമ്മിക്കുന്നതിനുള്ള കരാറുകൾ നേടിയിട്ടുണ്ട്.
2022 ജനുവരിയില്‍ 10 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയതിന് ഏഴു മാസങ്ങള്‍ക്ക് ശേഷം 650 കിലോമീറ്റർ ഡൽഹി-അമൃത്സർ-കത്ര എക്‌സ്‌പ്രസ്‌വയുടെ 28.92 കിലോമീറ്റർ സ്‌ട്രെച്ച് നിർമ്മിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് കമ്പനി കരാർ നേടി.1547.91 കോടി രൂപ ചെലവിൽ നിര്‍മിക്കുന്ന ജമ്മു കശ്മീരിലെ ജമ്മു ഡിവിഷനിൽ രണ്ട് സ്ട്രച്ചുകള്‍ നിർമ്മിക്കാനുള്ള കരാർ കമ്പനി നേടിയിട്ടുണ്ട് . കുഞ്ജ്വാനിക്കും സിദ്ധ്രയ്ക്കും ഇടയിലുള്ള 13.3 കിലോമീറ്റർ ഭാഗം, ഡോമലിനും കത്രയ്ക്കും ഇടയിൽ 15.62 കിലോമീറ്റർ ഭാഗം എന്നിവയുടെ കരാറുകളാണ് കമ്പനി നേടിയത്.